മുംബൈ: പുതിയ ഷാരൂഖ് ഖാൻ ചിത്രം ജവാന്റെ ദൃശ്യങ്ങൾ ചോർന്നു. ദൃശ്യങ്ങൾ സമൂഹമാദ്ധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചതോടെ അണിയറ പ്രവർത്തകർ പോലീസിൽ പരാതി. ഇതിൽ പോലീസ് കേസ് എടുത്ത് അന്വേഷണം ആരംഭിച്ചെന്നാണ് റിപ്പോർട്ടുകൾ.
കഴിഞ്ഞ ദിവസമാണ് ദൃശ്യങ്ങൾ സമൂഹമാദ്ധ്യമങ്ങളിൽ ഉൾപ്പെടെ വ്യാപകമായി പ്രചരിക്കുന്നത് ശ്രദ്ധയിൽപ്പെട്ടത്. ട്വിറ്ററിൽ ആയിരുന്നു വ്യാപകമായി ദൃശ്യങ്ങൾ കണ്ടത്. ഇവയിൽ ഭൂരിഭാഗവും ഷാരൂഖിന്റെ ഫാൻ പേജുകൾ ആയിരുന്നു. ഇത് ശ്രദ്ധയിൽപ്പെട്ടതോടെ ഉടനെ അണിയറ പ്രവർത്തകർ പോലീസിൽ പരാതി നൽകുകയായിരുന്നു.
സാന്റാക്ലോസ് പോലീസ് സ്‌റ്റേഷനിലാണ് പരാതി നൽകിയിരിക്കുന്നത്. സിനിമയുടെ നിർമ്മാതാക്കളായ റെഡ് ചില്ലീസ് എന്റർടൈൻമെന്റ്‌സ് ആണ് പരാതി നൽകിയത്. ഇതിൽ ദൃശ്യങ്ങൾ പ്രചരിപ്പിച്ച അഞ്ച് ട്വിറ്റർ ഹാൻഡിലുകൾക്ക് പോലീസ് നോട്ടീസ് നൽകി. സംഭവത്തിൽ ഐടി നിയമത്തിലെ വിവിധ വകുപ്പുകൾ പ്രകാരമാണ് നടപടി സ്വീകരിച്ചിരിക്കുന്നത്.
ആറ്റിലിയുടെ സംവിധാനത്തിൽ ഷാരൂഖ് ഖാൻ- നയൻതാര ജോഡികൾ ഒന്നിച്ചഭിനയിക്കുന്ന ചിത്രമാണ് ജവാൻ. അടുത്ത മാസം ഏഴിന് ചിത്രം റിലീസ് ചെയ്യാനിരിക്കെയാണ് ദൃശ്യങ്ങൾ ചോർന്നത്. ചിത്രീകരണ വേളയിൽ മൊബൈൽ ഫോണിന് കർശന നിരോധനം ഏർപ്പെടുത്തിയിരുന്നു. ഇത് മറികടന്നുകൊണ്ട് പകർത്തിയ ദൃശ്യങ്ങളാണ് പ്രചരിക്കുന്നത് എന്നാണ് റിപ്പോർട്ടുകൾ.
Discussion about this post