ന്യൂഡൽഹി : 77-ാം സ്വാതന്ത്ര്യദിനാഘോഷവുമായി ബന്ധപ്പെട്ട് ചെങ്കോട്ടയിൽ നടക്കുന്ന ഒരുക്കങ്ങൾ കേന്ദ്ര പ്രതിരോധ സഹമന്ത്രി അജയ് ഭട്ട് പരിശോധിച്ചു വിലയിരുത്തി. സ്വാതന്ത്ര്യദിനാഘോഷങ്ങളിൽ പങ്കെടുക്കുന്ന നാഷണൽ കേഡറ്റ് കോർപ്സ് (NCC) കേഡറ്റുകളെ അദ്ദേഹം അഭിസംബോധന ചെയ്തു. ഈ രാജ്യത്തിന്റെ ഐക്യവും അഖണ്ഡതയും കാത്തുസൂക്ഷിക്കുന്നതിനുള്ള ശക്തമായ തൂണായി മാറുന്ന ഭാവി സൈനികരെന്നാണ് എൻസിസി കേഡറ്റുകളെകുറിച്ച് അദ്ദേഹം തന്റെ പ്രസംഗത്തിൽ വിശേഷിപ്പിച്ചത്.
ഇന്ത്യയുടെ ഡിജിറ്റൽ വിപ്ലവമായാലും, സ്റ്റാർട്ടപ്പ് വിപ്ലവമായാലും, ഇന്നൊവേഷൻ വിപ്ലവമായാലും ഇതിന്റെയെല്ലാം ഏറ്റവും വലിയ നേട്ടം യുവാക്കൾക്കാണ് ലഭിക്കുന്നതെന്ന് പ്രതിരോധ സഹമന്ത്രി വ്യക്തമാക്കി. പ്രതിരോധ മേഖലയിലെ പരിഷ്‌കാരങ്ങൾ യുവതലമുറയ്ക്ക് പുതിയ അവസരങ്ങൾ പ്രദാനം ചെയ്യുന്നതായും അദ്ദേഹം പറഞ്ഞു. എൻസിസി കേഡറ്റുകളുടെ ഉത്സാഹത്തെയും മനോവീര്യത്തെയും അഭിനന്ദിച്ച മന്ത്രി അവരെ മെമന്റോകൾ നൽകി ആദരിച്ചു. രാജ്യത്തിന് വേണ്ടി ജീവൻ ബലിയർപ്പിച്ച യോദ്ധാക്കൾ എന്നും നമുക്കെല്ലാവർക്കും പ്രചോദനമായിരിക്കണമെന്നും അദ്ദേഹം ഓർമിപ്പിച്ചു.
എൻസിസി കേഡറ്റുകൾ എന്ന നിലയിലും രാജ്യത്തെ യുവതലമുറ എന്ന നിലയിലും അമൃത് കാൽ തലമുറയെ പ്രതിനിധീകരിക്കുന്നവരാണ് നിങ്ങളെന്ന് അദ്ദേഹം എൻസിസി കേഡറ്റുകളെ കുറിച്ച് സൂചിപ്പിച്ചു. ഈ അമൃത് തലമുറ വരും 25 വർഷത്തിനുള്ളിൽ രാജ്യത്തെ ഒരു പുതിയ ഉയരത്തിലെത്തിക്കും. അത് ഇന്ത്യയെ സ്വയം പര്യാപ്തവും വികസിതവുമാക്കുമെന്നും അദ്ദേഹം പറഞ്ഞു.
Discussion about this post