കോഴിക്കോട് : എഐ സാങ്കേതിക വിദ്യയിലൂടെ കോഴിക്കോട് സ്വദേശിയുടെ പണം തട്ടിയ കേസിലെ പ്രതിയെ തിരിച്ചറിഞ്ഞു. ഗുജറാത്ത് ഉസ്മാൻപുര സ്വദേശി കൗശൽ ഷാ ആണ് പ്രതി. കോഴിക്കോട് സൈബർ ക്രൈം പോലീസ് ആണ് പ്രതിയെ തിരിച്ചറിഞ്ഞത്. എന്നാൽ പോലീസിന് പ്രതി എവിടെയാണെന്ന് കണ്ടെത്താനായിട്ടില്ല.
കഴിഞ്ഞമാസമാണ് കോഴിക്കോട് പാലാഴി സ്വദേശി രാധാകൃഷ്ണനെ എഐ സാങ്കേതിക വിദ്യ ഉപയോഗിച്ച് കബളിപ്പിച്ച് പണം തട്ടിയത്. അദ്ദേഹത്തിന്റെ കൂടെ ജോലി ചെയ്ത ആളാണെന്ന് ധരിപ്പിക്കുന്ന രീതിയിൽ വീഡിയോ കോൾ ചെയ്താണ് 40000 രൂപ തട്ടിയെടുത്തത്. ഉടനടി തന്നെ തട്ടിപ്പ് മനസ്സിലാക്കാനും വേഗത്തിൽ പരാതിപ്പെടാനും കഴിഞ്ഞതിനാൽ അദ്ദേഹത്തിന് പണം തിരിച്ചു പിടിക്കാൻ കഴിഞ്ഞിരുന്നു.
ഗുജറാത്തും ഗോവയും കേന്ദ്രീകരിച്ചായിരുന്നു സൈബർ ക്രൈം പോലീസ് അന്വേഷണം നടത്തിയിരുന്നത്. പണമിടപാട് നടത്തിയ ബാങ്ക് അക്കൗണ്ട് കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണമാണ് കൗശൽ ഷായിലേയ്ക്ക് എത്തിച്ചത്. ഇയാളെ തിരക്കി പോലീസ് ഉസ്മാൻപുരയിലെ വീട്ടിൽ എത്തിയെങ്കിലും കണ്ടെത്താനായില്ല. കഴിഞ്ഞ അഞ്ചുവർഷമായി വീടുമായി ബന്ധമില്ലാതെ കഴിയുന്ന ആളാണ് കൗശൽ ഷാ എന്നാണ് പറയുന്നത്. ഇയാളെ കുറിച്ച് കൂടുതൽ വിശദമായ അന്വേഷണങ്ങൾ നടത്തിവരികയാണ്.
Discussion about this post