മോസ്‌കോ: ആക്രമണം ലക്ഷ്യമിട്ടെത്തിയ യുക്രെയ്ൻ ഡ്രോൺ തകർത്തതായി റഷ്യ. ബെൽഗോറോഡിലാണ് യുക്രെയ്‌നിന്റെ ഡ്രോൺ എത്തിയതെന്നാണ് റഷ്യ വ്യക്തമാക്കുന്നത്. ഇന്നലെ വൈകീട്ടോടെയായിരുന്നു സംഭവം.
റഷ്യൻ പ്രതിരോധമന്ത്രാലയമാണ് ഇക്കാര്യം അറിയിച്ചത്. ഇന്നലെ വൈകീട്ട് അഞ്ചരയോടെയായിരുന്നു ഡ്രോണിന്റെ സാന്നിദ്ധ്യം ശ്രദ്ധയിൽപ്പെട്ടത് എന്ന് പ്രതിരോധ മന്ത്രാലയം വ്യക്തമാക്കി. ഉടനെ ഡ്രോൺ സാന്നിദ്ധ്യം വ്യോമ പ്രതിരോധ സംവിധാനം തിരിച്ചറിഞ്ഞു. തുടർന്ന് ഡ്രോണിനെ നശിപ്പിക്കുകയായിരുന്നുവെന്നും ഇതിനിടെ ആളപായമോ മറ്റ് നാശനഷ്ടങ്ങളോ ഉണ്ടായിട്ടില്ലെന്നും പ്രതിരോധമന്ത്രാലയം അറിയിച്ചു.
നേരത്തെ യുക്രെയ്ൻ മിസൈൽ ആക്രമണം നടത്താൻ ശ്രമിച്ചുവെന്നും, വൻ ആക്രമണം പ്രതിരോധിച്ചെന്നും വ്യക്തമാക്കി റഷ്യ രംഗത്തുവന്നിരുന്നു. ഇതിന് പിന്നാലെയാണ് ഡ്രോൺ വെടിവെച്ച് വീഴ്ത്തിയെന്ന റിപ്പോർട്ടുകൾ പുറത്തുവരുന്നത്. അതേസമയം ഇതുവരെ യുക്രെയിനിന്റെ 14 ഡ്രോണുകൾ തകർത്തെറിഞ്ഞുവെന്നാണ് റഷ്യയുടെ വാദം.
Discussion about this post