മാനന്തവാടി; ഇടതുപക്ഷവുമായി ആശയപരമായ വ്യത്യാസമേയുളളൂവെന്ന് വയനാട് എംപി രാഹുൽ ഗാന്ധി. അയോഗ്യത നീങ്ങിയ ശേഷം ആദ്യമായി മണ്ഡലത്തിൽ സന്ദർശനത്തിന് എത്തിയ രാഹുൽ മാനന്തവാടിയിൽ പൊതുപരിപാടിയിൽ പങ്കെടുക്കവേയാണ് ഇടതുപക്ഷത്തോടുളള മൃദുസമീപനം പരസ്യമായി പ്രഖ്യാപിച്ചത്.
നല്ലൂർനാട് ഗവൺമെന്റ് ട്രൈബൽ സ്‌പെഷാലിറ്റി ഹോസ്പിറ്റലിൽ എംപി ഫണ്ട് ഉപയോഗിച്ച് യാഥാർത്ഥ്യമാക്കിയ ഹൈ ടെൻഷൻ വൈദ്യുതി ലൈനിന്റെ പ്രവർത്തനോത്ഘാടനം നിർവ്വഹിക്കുന്ന ചടങ്ങായിരുന്നു വേദി. ഇടതുപക്ഷവുമായി ആശയപരമായ വ്യത്യാസമേയുളളൂ. എന്നെ അയോഗ്യനാക്കിയപ്പോൾ വയനാട് ഒന്നായിട്ടാണ് പിന്തുണച്ചത്. മുഴുവൻ വയനാടും എന്റെ കുടുംബത്തിന്റെ ഭാഗമായിട്ടാണ് കണക്കാക്കുന്നതെന്നും രാഹുൽ പറഞ്ഞു.
പുതുപ്പളളി ഉപതിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് കോൺഗ്രസ്, ഇടത് അണികൾ തമ്മിൽ സമൂഹമാദ്ധ്യമങ്ങളിൽ തുറന്ന പോരാട്ടം മുറുകുന്നതിനിടെയാണ് രാഹുലിന്റെ വാക്കുകൾ. കോൺഗ്രസും ഇടതും പരസ്പരം സഹായിക്കാനാണ് നീക്കമെന്നും പുതുപ്പളളിയിൽ ഒറ്റ സ്ഥാനാർത്ഥി പോരെയെന്നും ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ കഴിഞ്ഞ ദിവസം പരിഹസിച്ചിരുന്നു.
രാഹുലിനെ നിയമവിരുദ്ധമായിട്ടാണ് അയോഗ്യനാക്കിയതെന്ന് ചടങ്ങിൽ സ്വാഗതപ്രസംഗം നടത്തിയ സിപിഎം നേതാവും മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റുമായ ജസ്റ്റിൻ ബേബി പറഞ്ഞിരുന്നു. മറുപടി പ്രസംഗത്തിൽ ജസ്റ്റിൻ ബേബിയുടെ പേരെടുത്ത് നന്ദി പറയാനും രാഹുൽ തയ്യാറായി. സിപിഐഎം പനമരം ഏരിയ കമ്മിറ്റിയംഗവും കർഷകസംഘം ജില്ലാ ജോയിന്റ് സെക്രട്ടറിയുമാണ് ജസ്റ്റിൻ ബേബി. രാഹുലിനെ സന്തോഷത്തോടെ സ്വീകരിക്കുന്നുവെന്ന് ആയിരുന്നു ജസ്റ്റിൻ ബേബിയുടെ വാക്കുകൾ.
50,42,000 രൂപയാണ് ഹൈ ടെൻഷൻ വൈദ്യുതി സ്ഥാപിക്കാനായി ചിലവായത്. എംപി ഫണ്ടിൽ നിന്നായിരുന്നു തുക അനുവദിച്ചത്. ജില്ലാ കാൻസർ സെന്റർ കൂടിയാണ് ഈ ആശുപത്രി.
Discussion about this post