ആലപ്പുഴ: കോളേജ് അടിച്ചുതകർത്ത കേസിൽ പുതുപ്പള്ളിയിലെ എൽഡിഎഫ് സ്ഥാനാർത്ഥി ജെയ്ക് സി തോമസ് കീഴടങ്ങി. കായംകുളം കോടതിയിലാണ് ജെയ്ക് കീഴടങ്ങിയത്. കായംകുളം കട്ടച്ചിറ വെള്ളാപ്പള്ളി എൻജിനീയറിംഗ് കോളേജാണ് ജെയ്ക് അടിച്ചു തകർത്തത്.
2016ലായിരുന്നു സംഭവം. മാനേജ്‌മെന്റിന്റെ പീഡനത്തിനെതിരെ കോളേജിൽ ജെയ്കിന്റെ നേതൃത്വത്തിൽ എസ്എഫ്‌ഐ സമരം നടത്തിയിരുന്നു. ഇതിനിടെയായിരുന്നു കോളേജ് അടിച്ച് തകർത്തത്. വൻ നാശനഷ്ടം കോളേജിന് ഉണ്ടായി. ഇതോടെ മാനേജ്‌മെന്റ് പോലീസിൽ പരാതി നൽകുകയായിരുന്നു. ഇതിലാണ് ഇപ്പോൾ ജെയ്ക് കീഴടങ്ങിയിരിക്കുന്നത്. തിരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തിലാണ് ജെയ്ക് കേസിൽ കോടതിയ്ക്ക് മുൻപിൽ ഹാജരായത്. അന്ന് എസ്എഫ്‌ഐ സംസ്ഥാന അദ്ധ്യക്ഷൻ ആയിരുന്നു ജെയ്ക്.
അതേസമയം പുതുപ്പള്ളി പിടിക്കാൻ നിർണായക നീക്കങ്ങളാണ് എൽഡിഎഫ് നടത്തുന്നത്. സമുദായങ്ങളെ ലക്ഷ്യമിട്ടാണ് മണ്ഡലത്തിൽ എൽഡിഎഫിന്റെ പ്രചാരണം എന്നാണ് വ്യക്തമാകുന്നത്. കഴിഞ്ഞ ദിവസം ജെയ്ക് എൻഎസ്എസ് ജനറൽ സെക്രട്ടറി ജി സുകുമാരൻ നായരെ കണ്ടിരുന്നു. ഇതിന് പിന്നാലെ യോക്കോബായ സഭാ നേതൃത്വത്തെയും സന്ദർശിച്ചിട്ടുണ്ട്.
Discussion about this post