പാലക്കാട്: വാളയാറിൽ പീഡനത്തിനിരയായ സഹോദരിമാർ മരിച്ച സംഭവത്തിൽ നുണ പരിശോധനയ്ക്ക് അപേക്ഷ നൽകി സിബിഐ. നാല് പ്രതികളുടെ നുണ പരിശോധനയ്ക്ക് വേണ്ടിയാണ് അപേക്ഷ നൽകിയത്. സിബിഐ തിരുവനന്തപുരം യൂണിറ്റിലെ പ്രത്യേക കുറ്റാന്വേഷണ വിഭാഗമാണ് നിലവിൽ കേസ് അന്വേഷിക്കുന്നത്.
പാലക്കാട് പോക്‌സോ കോടതിയിലാണ് അപേക്ഷ നൽകിയത്. പ്രതികളായ വി മധു , എം മധു , ഷിബു എന്നിവരുടെയും പ്രായപൂർത്തിയാവാത്ത ഒരാളുടെയും നുണ പരിശോധനയ്ക്ക് വേണ്ടിയാണ് അപേക്ഷ നൽകിയത്. ഇതിന് പുറമേ പ്രതികളുടെ മൊബൈൽ ഫോണുകൾ ശാസ്ത്രീയ പരിശോധനയ്ക്ക് അയക്കണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്. അപേക്ഷയിൽ പോക്‌സോ കോടതി അടുത്ത ദിവസം വാദം കേൾക്കും.
കഴിഞ്ഞ വർഷം ഓഗസ്റ്റിൽ കേസിൽ സിബിഐ കുറ്റപത്രം സമർപ്പിച്ചിരുന്നു. എന്നാൽ ഇത് കോടതി തള്ളുകയായിരുന്നു. തുടർന്ന് കേസ് വീണ്ടും അന്വേഷിക്കാൻ കോടതി ഉത്തരവിട്ടു. ഇതോടെയാണ് സിബിഐ പ്രത്യേക സംഘം അന്വേഷണം ആരംഭിച്ചത്. ഇതിന്റെ ഭാഗമായാണ് പ്രതികളെ നുണപരിശോധനയ്ക്ക് വിധേയമാക്കുന്നത്.
Discussion about this post