ന്യൂഡൽഹി: ചെങ്കോട്ടയിൽ രാജ്യത്തിന്റെ ഔദ്യോഗിക സ്വാതന്ത്ര്യദിനാഘോഷത്തിൽ നിന്ന് വിട്ടുനിന്ന കോൺഗ്രസ് ദേശീയ അദ്ധ്യക്ഷൻ മല്ലികാർജ്ജുൻ ഖാർഗെ വിവാദത്തിൽ. അസുഖമാണെന്ന കാരണം പറഞ്ഞാണ് ചെങ്കോട്ടയിലെ പരിപാടിയിൽ കോൺഗ്രസ് അദ്ധ്യക്ഷൻ പങ്കെടുക്കാഞ്ഞത്. എന്നാൽ എഐസിസി ആസ്ഥാനത്തെ സ്വാതന്ത്ര്യദിനാഘോഷത്തിൽ ഖാർഗെ സജീവമായി പങ്കെടുക്കുകയും ചെയ്തു.
ചെങ്കോട്ടയിലെ സ്വാതന്ത്ര്യദിനാഘോഷ പരിപാടിയിൽ നിന്ന് വിട്ടുനിന്നത് കണ്ണിന് പ്രശ്നമുള്ളതുകൊണ്ടാണെന്നാണ് ഖാർഗെയുടെ വിശദീകരണം. പ്രധാനമന്ത്രി നരേന്ദ്രമോദി ചെങ്കോട്ടയിൽ പ്രസംഗം നടത്തുമ്പോൾ മുൻനിരയിലെ പ്രധാന കസേരകളിൽ ഒന്ന് ഒഴിഞ്ഞ് കിടന്നത് ദേശീയ മാദ്ധ്യമങ്ങളുൾപ്പെടെ ചൂണ്ടിക്കാട്ടിയിരുന്നു. കോൺഗ്രസ് അദ്ധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയുടെ ഇരിപ്പിടമായിരുന്നു അത്. അതേസമയം ഡൽഹിയിലെ കോൺഗ്രസ് ആസ്ഥാനത്ത് അദ്ദേഹം പതാക ഉയർത്തുകയും ചെയ്തു.
പ്രോട്ടോക്കോൾ പ്രകാരം 9.20ന് വസതിയിൽ പതാക ഉയർത്തേണ്ടതുണ്ട്. അതിനുശേഷം എഐസിസിയിലും പരിപാടിയുണ്ടായിരുന്നു. പ്രധാനമന്ത്രിയുടെ സുരക്ഷാ ക്രമീകരണം ഉളളതിനാൽ ചെങ്കോട്ടയിലെ പരിപാടി കഴിഞ്ഞ് ഉടനെ അവിടെയെത്താൻ കഴിയുമായിരുന്നില്ലെന്നാണ് ഖാർഗെയുടെ വിശദീകരണം. എഐസിസി ആസ്ഥാനത്ത് ഖാർഗെ പ്രസംഗിക്കുകയും ചെയ്തിരുന്നു.
രാജ്യത്തിന്റെ ഔദ്യോഗിക ആഘോഷമാണ് ചെങ്കോട്ടയിലേത്. ആ പരിപാടി അവഗണിച്ച് പാർട്ടി ആസ്ഥാനത്തെ പരിപാടിയിൽ പങ്കെടുത്തതിൽ സമൂഹമാദ്ധ്യമങ്ങളിലും കോൺഗ്രസ് അദ്ധ്യക്ഷനെതിരെ വിമർശനം ശക്തമാണ്.
ബിജെപി ദേശീയ വക്താവ് ഷെഹ്‌സാദ് പൂനാവല്ല ഉൾപ്പെടെ ഖാർഗെയുടെ അസാന്നിധ്യം ചോദ്യം ചെയ്ത് രംഗത്തെത്തി. ഖാർഗെയ്ക്ക് സുഖമില്ലെന്നും അതുകൊണ്ട് സ്വാതന്ത്ര്യദിന പരിപാടിക്ക് വരാനാകില്ലെന്നുമാണ് അദ്ദേഹവുമായി ബന്ധപ്പെട്ട വൃത്തങ്ങളിൽ നിന്ന് അറിഞ്ഞത്. എന്നാൽ ഇത്ര പെട്ടന്ന് അസുഖം ഭേദമാകുകയും എഐസിസി ആസ്ഥാനത്ത് പതാക ഉയർത്തുകയും ചെയ്തതിൽ സന്തോഷമുണ്ടെന്നും ഷെഹ്‌സാദ് പൂനാവല്ല പറഞ്ഞു.
Discussion about this post