കാൺപൂർ : കൂടുതൽ ദൂരപരിധിയുള്ള രാജ്യത്തെ ആദ്യ റിവോൾവർ ഓഗസ്റ്റ് 18 ന് പുറത്തിറക്കുമെന്ന് കമ്പനി. കാൺപൂരിലെ അഡ്വാൻസ്ഡ് വെപ്പൺ ആൻഡ് എക്വിപ്മെന്റ് ഇന്ത്യ ലിമിറ്റഡ് ആണ് റിവോൾവർ നിർമ്മിക്കുന്നത്. സംസ്ഥാന സർക്കാർ ഉടമസ്ഥതയിലുള്ള കമ്പനിയാണിത്. പ്രബൽ എന്നാണ് റിവോൾവറിന്റെ പേര്.
രാജ്യത്ത് നിർമ്മിക്കുന്ന മറ്റ് റിവോൾവറുകളേക്കാൾ ദൂരം വെടിയുണ്ട കൃത്യമായി പായിക്കാനുള്ള കഴിവുള്ള ആയുധമാണ് പ്രബൽ. മറ്റ് റിവോൾവറുകൾക്ക് 20 മീറ്ററാണ് ദൂരപരിധി. എന്നാൽ പ്രബലിന് 50 മീറ്റർ ദൂരത്തേക്ക് വെടിയുണ്ട എത്തിക്കാനുള്ള പ്രഹര ശേഷിയുണ്ട്. സ്വിംഗ് സിലിണ്ടർ വശത്താണ് ഘടിപ്പിച്ചിരിക്കുന്നതെന്നതും പ്രധാന പ്രത്യേകതയാണ്.
കാട്രിഡ്ജ് ഇല്ലാതെ വെറും 700 ഗ്രാമാണ് റിവോൾവറിന്റെ ഭാരം. ബാരലിന്റെ നീളം 76 മില്ലിമീറ്ററാണ്. ആകെ നീളം 177.6 മില്ലിമീറ്റർ മാത്രമാണ്. അതായത് 17.6 സെന്റിമീറ്റർ. ഒരു മൊബൈൽ ഫോണിനേക്കാൾ അൽപ്പം കൂടിമാത്രമാണ് നീളം. അതുകൊണ്ട് തന്നെ സ്ത്രീകൾക്ക് ഉപയോഗിക്കാൻ ഏറ്റവും എളുപ്പമുള്ളതാണെന്ന് കമ്പനി അധികൃതർ ചൂണ്ടിക്കാട്ടുന്നു.
വെബ്ലി സ്കോട്ട് റിവോൾവറിനോട് സാദൃശ്യമുള്ള ഈ റിവോൾവറിന്റെ ബുക്കിംഗ് ഓഗസ്റ്റ് 18 മുതൽ ആരംഭിക്കുമെന്ന് കമ്പനി വ്യക്തമാക്കി. ലൈസൻസുള്ള ആളുകൾക്ക് റിവോൾവർ ബുക്ക് ചെയ്യാൻ കഴിയും. ഇന്ത്യൻ സേനയ്ക്കായി പീരങ്കികളും ചെറു ആയുധങ്ങളും നിർമ്മിക്കുന്ന കമ്പനിയാണ് പ്രബലും നിർമ്മിക്കുന്നത്. വിദേശ സൈന്യങ്ങൾക്കും ഇവിടെ ആയുധങ്ങൾ നിർമ്മിക്കുന്നുണ്ട്. ഓർഡിനൻസ് ഫാക്ടറി ബോർഡ് ഏഴായി വിഭജിക്കപ്പെട്ടപ്പോൾ രൂപമെടുത്ത കമ്പനിയാണിത്.
ഇന്ത്യൻ സൈന്യത്തിൽ 300 സാരംഗ് പീരങ്കികൾക്കുൾപ്പെടെ വിദേശത്തും സ്വദേശത്തുമായി 6000 കോടിയുടെ ആയുധ നിർമ്മാണത്തിന്റെ കരാർ കമ്പനിക്ക് ഈ വർഷം ലഭിച്ചിട്ടുണ്ട്. ഇതിൽ 450 കോടിയുടെ കരാർ യൂറോപ്യൻ രാജ്യങ്ങളിൽ നിന്നാണ്.
Discussion about this post