ഷാരൂഖ് ഖാൻ ആരാധകർ അദ്ദേഹത്തിന്റെ അടുത്ത ചിത്രത്തിന്റെ റിലീസിനായുള്ള കാത്തിരിപ്പിലാണ്. തമിഴ് സംവിധായകൻ അറ്റ്ലി സംവിധാനം ചെയ്യുന്ന ജവാൻ ആണ് വരാനിരിക്കുന്ന ഏറ്റവും പുതിയ ഷാരൂഖ് ഖാൻ ചിത്രം. എന്നാൽ ഇപ്പോൾ സിനിമയുടെ റിലീസിന് മുൻപായി കിംഗ് ഖാന്റെ കോളേജ് കാലത്തെ ഒരു ഉപന്യാസം ആണ് സമൂഹമാദ്ധ്യമങ്ങളിൽ തരംഗമായികൊണ്ടിരിക്കുന്നത്.
തന്റെ ജീവിതത്തെക്കുറിച്ചും കുട്ടിക്കാലത്തെ കുറിച്ചും ഷാരൂഖ് സ്വന്തം കൈപ്പടയിൽ എഴുതിയിരിക്കുന്ന ഉപന്യാസം ആണ് ആരാധകശ്രദ്ധ പിടിച്ചു പറ്റുന്നത്. “ഞാൻ ഓർക്കുന്നിടത്തോളം വളരെ സന്തോഷകരമായിരുന്ന ഒരു കുട്ടിക്കാലം ആയിരുന്നു എന്റേത്. എന്റെ മൂത്ത സഹോദരി ജനിച്ച് അഞ്ചുവർഷത്തെ ഇടവേളയ്ക്ക് ശേഷമാണ് ഞാൻ ജനിക്കുന്നത്. അഞ്ചു വയസ്സ് വരെയുള്ള എന്റെ പ്രവൃത്തികൾ ആ പ്രായത്തിലുള്ള മറ്റേതൊരു കുട്ടിയെയും പോലെ തന്നെ ആയിരുന്നു. മാനവ്സ്ഥലി സ്കൂളിലെ പെൺകുട്ടികളെ കണ്ണിറുക്കി കാണിക്കുക, എന്നെക്കാൾ ആറോ ഏഴോ ഇരട്ടി പ്രായമുള്ള അമ്മായിമാർക്ക് ഫ്ലയിങ് കിസ്സ് നൽകുക ‘ചക്കേ പേ ചക്ക’ യുടെ താളത്തിന് നൃത്തം ചെയ്യുക എന്നിവയെല്ലാമായിരുന്നു എന്റെ വിനോദങ്ങൾ.” എന്നിങ്ങനെയാണ് ഷാരൂഖ് ഖാൻ തന്റെ ഉപന്യാസത്തിൽ കുറിച്ചിരിക്കുന്നത്.
സമൂഹമാദ്ധ്യമങ്ങൾ താരത്തിന്റെ ഈ ഉപന്യാസം വളരെ വേഗത്തിൽ തന്നെ ഏറ്റെടുത്തു. കിംഗ് ഖാന്റെ ആരാധകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് ജവാൻ. നയൻതാര നായികയാകുന്ന ചിത്രത്തിൽ വിജയ് സേതുപതി ആണ് പ്രതിനായക വേഷത്തിൽ എത്തുന്നത്. ദീപിക പദുകോൺ, സഞ്ജയ് ദത്ത്, വിജയ് എന്നിവർ ചിത്രത്തിൽ അതിഥി താരങ്ങളായി എത്തുമെന്നും പറയപ്പെടുന്നുണ്ട്.
Discussion about this post