ഷിംല: ഹിമാചൽ പ്രദേശിലെ മഴക്കെടുതിക്കിടെ ഷിംലയിൽ ആളുകൾ നോക്കി നിൽക്കെ ഒരു കുന്ന് മുഴുവൻ ഇടിഞ്ഞു താണു. കുന്നിന്റെ ചെരുവുകളിൽ ഉണ്ടായിരുന്ന വീടുകളും മരങ്ങളും സഹിതമാണ് ഇടിഞ്ഞു താഴ്ന്നത്. വീടുകൾ ഉൾപ്പെടെ ഏഴോളം കെട്ടിടങ്ങൾ പാടേ തകർന്നു. കഴിഞ്ഞ ദിവസം വൈകിട്ടാണ് സംഭവം നടന്നത്.
ലാൽപാനിക്ക് സമീപം കൃഷ്ണ നഗറിലായിരുന്നു അപകടമുണ്ടായത്. കുന്ന് ഇടിഞ്ഞുവീഴുന്നതിന്റെ വീഡിയോ ദൃശ്യങ്ങൾ സമൂഹമാദ്ധ്യമങ്ങളിൽ വൈറലാണ്. ഇതിന് സമീപത്തുളള വീടുകൾക്കും ബലക്ഷയം ഉണ്ടായതായി പ്രദേശവാസികൾ പറഞ്ഞു. വീടുകൾക്ക് വിളളലുകൾ ഉൾപ്പെടെ വീണിട്ടുണ്ട്. കഴിഞ്ഞ ദിവസം ഉണ്ടായ പ്രളയത്തിൽ 55 പേരോളം മരിച്ചതായിട്ടാണ് ഏകദേശ കണക്ക്.
കുന്നിടിഞ്ഞ പ്രദേശത്ത് നിന്ന് ഒരു മൃതദേഹം ലഭിച്ചതായി പോലീസ് സൂപ്രണ്ട് സഞ്ജീവ് ഗാന്ധി പറഞ്ഞു. മുഖ്യമന്ത്രി സുഖ് വിന്ദർ സിംഗ് സുഖു ഇന്ന് പ്രദേശം സന്ദർശിച്ചു. മൂന്ന് ദിവസങ്ങളായി ഷിംലയിൽ മഴ പെയ്യുന്നുണ്ട്. കഴിഞ്ഞ ദിവസം സമ്മർഹിൽ പ്രദേശത്തെ ശിവക്ഷേത്രം ഉൾപ്പെടെ തകർന്നുപോയിരുന്നു.
സംസ്ഥാനം കടന്നുപോകുന്നത് ഒരു പരീക്ഷണ സമയത്തിലൂടെയാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. ദുരന്തത്തിന് ഇരയായ ഓരോ കുടുംബങ്ങൾക്കുമൊപ്പമാണ് സംസ്ഥാന സർക്കാരെന്നും സാദ്ധ്യമായ എല്ലാ സഹായവും നൽകുമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.
Discussion about this post