കൊച്ചി: തനിക്കെതിരെ ലഹരി ആരോപണം ഉയർത്തുന്ന അങ്കിൾമാർ വൈകിട്ട് രണ്ടെണ്ണം അടിച്ച് വട്ടമേശ സമ്മേളനം നടത്തുന്നവരാണെന്ന് നടൻ ശ്രീനാഥ് ഭാസി. താൻ മാത്രമാണോ ലഹരി ഉപയോഗിക്കുന്നതെന്നും എന്തുകൊണ്ടാണ് എല്ലാവരുടെയും പേരുകൾ പറയാത്തതെന്നും ശ്രീനാഥ് ഭാസി ചോദിച്ചു. ഗൃഹലക്ഷ്മി മാസികയ്ക്ക് നൽകിയ അഭിമുഖത്തിലായിരുന്നു ശ്രീനാഥ് ഭാസിയുടെ പ്രതികരണം.
ചിലരെക്കുറിച്ച് ചിലതൊക്കെ പറയാം എന്ന നിലപാടാണ്. എന്തെങ്കിലും പ്രശ്‌നം ഉയരുമ്പോൾ അതിനൊപ്പം ലഹരി ആരോപണം കൂടി തിരുകി കയറ്റുന്നത് സ്ഥിരം രീതിയാണെന്നും ശ്രീനാഥ് ഭാസി പറഞ്ഞു. മോശമായി പെരുമാറിയതും തെറി പറഞ്ഞതും പണം തരാതെ പറ്റിച്ചുകടന്നവരെ കണ്ടപ്പോഴാണ്. സിനിമയിൽ മാത്രമാണ് അഭിനയം. അതിനപ്പുറം താനൊരു സാധാരണ മനുഷ്യനാണെന്നും എല്ലാവർക്കും ഉളളതുപോലെ ദേഷ്യവും വിയോജിപ്പും പ്രതിഷേധവുമെല്ലാം തന്നിൽ നിന്നും പ്രതീക്ഷിക്കാമെന്നും ശ്രീനാഥ് ഭാസി പറയുന്നു.
ലഹരി ഉപയോഗ വിവാദത്തിന് ശേഷം ആദ്യമായിട്ടാണ് ശ്രീനാഥ് ഭാസി വിഷയത്തിൽ വിശദമായി പ്രതികരിക്കുന്നത്. ശ്രീനാഥ് ഭാസിയുമായും ഷെയ്ൻ നിഗവുമായും സഹകരിക്കില്ലെന്ന് ചലച്ചിത്ര സംഘടനകൾ പ്രഖ്യാപിച്ചതോടെയാണ് വിവാദം തുടങ്ങിയത്. സെറ്റുകളിൽ കൃത്യസമയം പാലിക്കാറില്ല. ആർട്ടിസ്റ്റുകൾക്കും സാങ്കേതിക പ്രവർത്തകർക്കും നിർമാതാക്കൾക്കും ഇവർ ബുദ്ധിമുട്ടുണ്ടാക്കിയെന്നും ചില താരങ്ങൾ ലഹരിക്ക് അടിപ്പെട്ടതുപോലെ സ്വബോധമില്ലാതെയാണ് പെരുമാറുന്നതെന്നും വാർത്താസമ്മേളനത്തിൽ സംഘടനാ പ്രതിനിധികൾ പറഞ്ഞിരുന്നു.
കൊറോണ ധവാൻ ആണ് ശ്രീനാഥ് ഭാസിയുടേതായി ഒടുവിൽ പുറത്തിറങ്ങിയ സിനിമ.
Discussion about this post