കൊച്ചി: മഹാരാജാസ് കോളേജിൽ കാഴ്ചപരിമിതിയുള്ള അധ്യാപകനെ അപമാനിച്ച സംഭവത്തിൽ വിവരങ്ങൾ തേടി പൊലീസ്. മാദ്ധ്യമ വാർത്തകളുടെ അടിസ്ഥാനത്തിലാണ് പൊലീസ് എത്തി വിവരങ്ങൾ ശേഖരിച്ചത് . അധ്യാപകനെ അപമാനിക്കുന്ന വീഡിയോ പ്രചരിച്ചതിനെ തുടർന്നാണ് സംഭവം വിവാദമായത്. കഴിഞ്ഞ ദിവസം ചേർന്ന കോളേജ് കൗൺസിലാണ് നിയമനടപടികളുമായി മുന്നോട്ട് പോകാൻ തീരുമാനിച്ചത്.
പൊളിറ്റിക്കല്‍ സയന്‍സ് അധ്യാപകനായ പ്രിയേഷിനെയാണ് വിദ്യാര്‍ത്ഥികള്‍ അപമാനിച്ചത്. സംഭവത്തിൽ ആറ് വിദ്യാർത്ഥികളെ കോളേജ് സസ്പെൻഡ് ചെയ്തിരുന്നു. തനിക്ക് കാഴ്ചപരിമിതി ഉള്ളതുകാരണമാണ് വിദ്യാർത്ഥികൾ ഇങ്ങനെ ചെയ്തത്. മറ്റു അധ്യാപകരുടെ ക്ലാസ്സുകളിൽ ഇങ്ങനെ ചെയ്യില്ല. കുട്ടികളുടെ നടപടി വളരെ വേദന ഉണ്ടാക്കിയെന്നും അധ്യാപകൻ പ്രിയേഷ് പറഞ്ഞിരുന്നു. ക്ലാസെടുത്തുകൊണ്ടിരിക്കുന്ന പ്രിയേഷിനെ പരിഹസിക്കുന്ന രീതിയിൽ വിദ്യാർത്ഥികൾ ക്ലാസ് മുറിയിൽ പെരുമാറുന്ന ദൃശ്യങ്ങൾ വ്യാപക പ്രതിഷേധത്തിന് ഇടയാക്കിയിരുന്നു.
അധ്യാപകനെ അപമാനിച്ച സംഭവത്തില്‍ കെ.എസ്.യു യൂണിറ്റ് വൈസ് പ്രസിഡന്റ് ഫാസില്‍ അടക്കം ആറ് പേരെയാണ് സസ്‌പെന്‍ഡ് ചെയ്തത്. അതേസമയം സംഭവത്തിൽ കെ എസ് യുവിന് പങ്കൊന്നും ഇല്ലെന്നും അധ്യാപകനൊപ്പമാണ് കെ എസ് യു എന്നും സംസ്ഥാന പ്രസിഡൻറ് അലോഷ്യസ് സേവ്യർ വ്യക്തമാക്കി. യുണിറ്റ് വൈസ് പ്രസിഡൻറ് മുഹമ്മദ് ഫാസിലിനെതിരെയുള്ള ആരോപണം തെറ്റാണെന്നും ഇതിനുപിന്നിൽ ഇടതുപക്ഷ വിദ്യാർത്ഥി സംഘടനകളാണെന്നും അലോഷ്യസ് സേവ്യർ പറഞ്ഞു. സംഭവത്തിൽ ജില്ലാ പോലീസ് മേധാവിക്ക് പരാതി നൽകുമെന്നും സ്വതന്ത്രമായ അന്വേഷണം ആവശ്യപ്പെട്ട് കോടതിയെ സമീപിക്കുമെന്നും അലോഷ്യസ് സേവ്യർ വ്യക്തമാക്കിയിരുന്നു.
Discussion about this post