ന്യൂഡൽഹി : സുലഭ് ഇന്റർനാഷണൽ സ്ഥാപകനും സാമൂഹിക പ്രവർത്തകനുമായ ബിന്ദേശ്വർ പഥകിന് രാഷ്ട്രീയ സ്വയംസേവക സംഘം സർകാര്യവാഹ് ദത്താത്രേയ ഹൊസബലെ ആദരാഞ്ജലികൾ അർപ്പിച്ചു . രാജ്യത്ത് ഡിസ്പോസിബിൾ പൊതു ശൗചാലയങ്ങൾ നിർമ്മിക്കുന്നതിലും തോട്ടിപ്പണി നിർത്തലാക്കുന്നതിലും നിർണായക പങ്കുവഹിച്ച വ്യക്തിത്വമാണ് ബിന്ദേശ്വർ പഥക്.
ചൊവ്വാഴ്ചയാണ് ഹൃദയാഘാതത്തെ തുടർന്ന് ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസിൽ വെച്ച് തന്റെ എൺപതാം വയസ്സിൽ അദ്ദേഹം മരണപ്പെടുന്നത്. സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ച് സുലഭ് ഇന്റർനാഷണൽ ആസ്ഥാനത്ത് ദേശീയ പതാക ഉയർത്തിയതിന് തൊട്ടുപിന്നാലെ കുഴഞ്ഞുവീഴുകയായിരുന്നു അദ്ദേഹം.1970-ൽ ആണ് ബിന്ദേശ്വർ പഥക് ‘സുലഭ് ഇന്റർനാഷണൽ’ സ്ഥാപിച്ചത്. അതിനുശേഷം കോടിക്കണക്കിന് ആളുകൾക്ക് വൃത്തിയുള്ള ടോയ്‌ലറ്റുകൾ എളുപ്പത്തിൽ ലഭ്യമാക്കുന്നതിൽ ഈ സ്ഥാപനം സുപ്രധാന പങ്ക് വഹിച്ചു.
“രാജ്യത്തിന്റെ വൃത്തിക്കായി ജീവിതം സമർപ്പിച്ച ബിന്ദേശ്വർ പഥക് ഇന്നില്ല. 1968-ൽ ഡിസ്പോസിബിൾ കമ്പോസ്റ്റ് ശൗചാലയം കണ്ടുപിടിച്ച അദ്ദേഹം രാജ്യത്ത് തോട്ടിപ്പണി അവസാനിപ്പിക്കുന്നതിൽ നിർണായക പങ്ക് വഹിച്ചു. പഥകിന്റെ അശ്രാന്ത പരിശ്രമം കാരണം ഇന്ന് രാജ്യത്ത് 8,500 ആക്സസബിൾ ശൗചാലയങ്ങൾ അദ്ദേഹത്തിന്റെ സ്ഥാപനം നിർമ്മിച്ചിട്ടുണ്ട്. അദ്ദേഹത്തിന്റെ സേവനങ്ങൾക്ക് പത്മ അവാർഡ് നൽകി രാഷ്ട്രം അദ്ദേഹത്തെ ആദരിച്ചിട്ടുണ്ട് “എന്നും ഹൊസബലെ പ്രസ്താവനയിൽ പറഞ്ഞു. പഥകിന്റെ ആത്മാവിന് ശാന്തി ലഭിക്കട്ടെയെന്നും അദ്ദേഹം പ്രാർത്ഥിച്ചു.
Discussion about this post