കോഴിക്കോട്: ഗുണനിലവാരമുള്ള പാലിന് അധിക രൂപ നൽകി മലബാറിലെ കർഷകർക്ക് ഓണസമ്മാനവുമായി മിൽമ. ലിറ്ററിന് രണ്ട് രൂപയാണ് കർഷകർക്ക് നൽകുക. 4.2 കോടി രൂപയാകും ഇത്തരത്തിൽ കർഷകർക്കായി നൽകുകയെന്ന് മിൽമ അറിയിച്ചു.
മലബാർ മിൽമ ഭരണസമിതിയാണ് പാലിന് അധിക വില നൽകാൻ തീരുമാനിച്ചത്. ജൂലൈ മാസത്തിൽ നിശ്ചയിച്ച ഗുണനിവാരമുള്ള പാലിനാണ് അധിക വില. സംഘങ്ങൾ വഴി ജൂലൈ മാസത്തിൽ 210 ലക്ഷം ലിറ്റർ പാൽ അളന്നിരുന്നു. ഈ പാലിനാണ് അധിക വില. മലബാർ മിൽമയ്ക്ക് കീഴിലെ ആറ് ജില്ലകളിൽ നിന്നുള്ള കർഷകർക്കാണ് ഈ ഗുണം ലഭിക്കുന്നത്.
ഓണത്തിന് മുൻപുതന്നെ തുക കർഷകർക്ക് നൽകാനാണ് തീരുമാനം. അതിനാൽ അടുത്ത ദിവസം തന്നെ തുക മിൽമ സംഘങ്ങൾക്ക് കൈമാറും. അധികമായി നൽകുന്ന വിലകൂടി കണക്കാക്കുമ്പോൾ മിൽമ ആഗസ്റ്റ് മാസത്തിൽ നൽകുന്ന ശരാശരി പാൽവില ലിറ്ററിന് 47 രൂപ 44 പൈസയാവും. കഴിഞ്ഞ നാലു മാസത്തിൽ നടത്തിയ 6.26 കോടിയുടെ അധിക കർഷക ക്ഷേമ പ്രവർത്തനങ്ങൾക്കു പുറമേയാണ് ഇപ്പോൾ അധിക പാൽ വില നൽകുന്നത്.
വിപണിയിൽ കടുത്ത മത്സരം നേരിടുന്ന സാഹചര്യത്തിലും പാലിന്റെ വിൽപ്പന വില വർധിപ്പിക്കാതെ തന്നെ ഇത്തരം സഹായങ്ങൾ ക്ഷീര കർഷകർക്ക് നൽകുവാൻ സാധിക്കുന്നത് ക്ഷീര കർഷക പ്രസ്ഥാനത്തിന്റെ നേട്ടമാണെന്ന് മലബാർ മിൽമ ഭാരവാഹികൾ അറിയിച്ചു.
Discussion about this post