ന്യൂഡൽഹി: സിപിഎം കേന്ദ്ര ആസ്ഥാനമായ ഡൽഹിയിലെ ഹർകിഷൻ സിങ്ങ് സുർജിത് ഭവനിൽ സംഘടിപ്പിച്ച രാജ്യവിരുദ്ധ സെമിനാർ തടഞ്ഞ പോലീസ് നടപടി ഭിന്നാഭിപ്രായങ്ങൾ അടിച്ചമർത്താനുള്ള നീക്കമാണെന്ന് സിപിഎം പോളിറ്റ് ബ്യൂറോ. ജി 20 ക്ക് ബദലായി എന്ന് അവകാശപ്പെട്ടുകൊണ്ടാണ് വി 20 എന്ന പേരിൽ സിപിഎം പരിപാടി സംഘടിപ്പിച്ചത്. എന്നാൽ മുൻ നക്‌സൽ നേതാക്കൾ ഉൾപ്പെടെ പങ്കെടുത്തുവെന്ന റിപ്പോർട്ടുകളെ തുടർന്നാണ് പോലീസ് സ്ഥലത്തെത്തി ഗേറ്റ് പൂട്ടിയത്.
വിവിധ പൗരസംഘടനകളുടെ ആഭിമുഖ്യത്തിൽ വ്യത്യസ്തവിഷയങ്ങൾ ചർച്ച ചെയ്യുന്ന പരിപാടിയെന്നാണ് സിപിഎം അവകാശപ്പെടുന്നത്. അനുമതി വാങ്ങിയിട്ടില്ലെന്ന പേരിലാണ് പരിപാടി തടയാൻ പോലീസ് രംഗത്തെത്തിയതെന്നും പാർട്ടി പറയുന്നു. ഡൽഹി പോലീസിന്റെ നടപടി തികച്ചും ഏകപക്ഷീയമാണ്. ശക്തമായി പ്രതിഷേധിക്കുന്നുവെന്നും പിബി വാർത്താക്കുറിപ്പിൽ പറയുന്നു.
ഡൽഹി പോലീസിലൂടെ അനാവശ്യ ഇടപെടലുകൾ നടത്തുന്നത് മോദി സർക്കാർ അവസാനിപ്പിക്കണം. സുർജിത് ഭവനിൽ പാർട്ടി പഠന ക്ലാസുകളും സെമിനാറുകളും പല പരിപാടികളും സംഘടിപ്പിക്കാറുണ്ടെന്നും ചർച്ചകളും സെമിനാറുകളും സംഘടിപ്പിക്കാനുള്ള പൗരൻമാരുടെ ജനാധിപത്യ അവകാശത്തിൽ കടന്നുകയറ്റം നടത്തരുതെന്നും പ്രതിഷേധക്കുറിപ്പിൽ സിപിഎം പറയുന്നു.
പാർട്ടി ആസ്ഥാനത്തെ ഗേറ്റിന് പുറത്തുനിന്ന് പോലീസ് പൂട്ടിടുകയും ചെയ്തിരുന്നു. മൂന്ന് ദിവസമായിട്ടാണ് സെമിനാർ സംഘടിപ്പിച്ചിരുന്നത്.
Discussion about this post