ലേ: ലഡാക്കിൽ സൈനിക വാഹനം മലയിടുക്കിൽ വീണ് 9 സൈനികർ വീരമൃത്യു വരിച്ച സംഭവത്തിൽ രാഷ്ട്രപതി ദ്രൗപതി മുർമുവും പ്രധാനമന്ത്രി നരേന്ദ്ര മോദിയും അനുശോചനം രേഖപ്പെടുത്തി. ഇന്നലെ ലേയിൽ ആയിരുന്നു സൈനികർ സഞ്ചരിച്ച വാഹനം അപകടത്തിൽപെട്ടത്.
ട്വിറ്ററിലൂടെയാണ് ഇരുവരും സൈനികർക്ക് അനുശോചനം രേഖപ്പെടുത്തിയത്. മരണപ്പെട്ട സൈനികരുടെ നിസ്വാർത്ഥമായ ത്യാഗത്തിന് രാജ്യം എന്നും അവരെ സ്മരിക്കും. വീരമൃത്യു വരിച്ച സൈനികരുടെ കുടുംബങ്ങളോട് അനുശോചനം അറിയിക്കുന്നു. ദുഃഖം താങ്ങാനുള്ള മനശക്തി അവർക്കു ദൈവം നൽകട്ടെയെന്ന് രാഷ്ട്രപതി പറഞ്ഞു. പരിക്കേറ്റ സൈനികർ വളരെ വേഗം സുഖം പ്രാപിക്കട്ടെയെന്ന് പ്രാർത്ഥിക്കുന്നതായും രാഷ്ട്രപതി കൂട്ടിച്ചേർത്തു.
സൈനികരുടെ വേർപാടിൽ അഗാധമായ ദു:ഖമുണ്ടെന്ന് പ്രധാനമന്ത്രി പറഞ്ഞു. അവരുടെ ശ്രേഷ്ഠമായ സേവനം എന്നും സ്മരിക്കപ്പെടും. സൈനികരുടെ കുടുംബാംഗങ്ങളെ അനുശോചനം അറിയിക്കുന്നതായും പ്രധാനമന്ത്രി ട്വിറ്ററിലൂടെ കുറിച്ചു. പ്രതിരോധമന്ത്രി രാജ്നാഥ് സിംഗും ഇന്നലെ സൈനികരുടെ വേർപാടിൽ അനുശോചനം അറിയിച്ചിരുന്നു.
Discussion about this post