കൊച്ചി: മുഖ്യമന്ത്രി പിണറായി വിജയന്റെ മകൾ വീണയും അവരുടെ സ്ഥാപനമായ എക്‌സലോജിക്കും കൊച്ചിയിലെ കമ്പനിയിൽ നിന്ന് മാസപ്പടി കൈപ്പറ്റിയ സംഭവത്തിൽ സിപിഎം കൂടുതൽ പ്രതിരോധത്തിലാകുന്നു. 1.72 കോടി രൂപയ്ക്കുള്ള നികുതി അടച്ചിട്ടില്ല എങ്കിൽ ഇനി സിപിഎം സേവനം എന്ന വാക്ക് മിണ്ടരുതെന്നും മറിച്ച് മുഖ്യമന്ത്രിയുടെ മകൾ വാങ്ങിയ കൈക്കൂലി, അല്ലെങ്കിൽ മാസപ്പടി, അതുമല്ലെങ്കിൽ അഴിമതി പണം എന്നേ പറയാവൂവെന്നും കോൺഗ്രസ് നേതാവും എംഎൽഎയുമായ മാത്യു കുഴൽനാടൻ പറഞ്ഞു.
വീണ പണം വാങ്ങിയതിനെ ന്യായീകരിച്ച മുൻ ധനമന്ത്രിയും സിപിഎം നേതാവുമായ ഡോ. തോമസ് ഐസകിന് സമൂഹമാദ്ധ്യമങ്ങളിലൂടെ നൽകിയ മറുപടിയിലാണ് മാത്യു കുഴൽനാടൻ ഇക്കാര്യം സൂചിപ്പിച്ചത്. എക്‌സാലോജിക് കമ്പനിക്കു ലഭിച്ച തുക സേവനങ്ങൾക്കുള്ള പ്രതിഫലമാണെന്ന് കുഴൽനാടനും സമ്മതിച്ചിരിക്കുന്നുവെന്ന് പറഞ്ഞ് തോമസ് ഐസക് ഫേസ്ബുക്കിൽ പോസ്റ്റിട്ടിരുന്നു. ഒരു വക്കീലും ഇങ്ങനെ കേസുവാദിച്ച് സ്വയം തോൽപ്പിച്ചിട്ടുണ്ടാവില്ലെന്ന് പറഞ്ഞായിരുന്നു തോമസ് ഐസക്കിന്റെ എഫ്ബി പോസ്റ്റ്. ഇതിനാണ് മാത്യു കുഴൽനാടൻ വൈകിട്ട് മറുപടിയുമായി രംഗത്തെത്തിയത്.
പ്രതിഫലത്തിന് സർവ്വീസ് ടാക്‌സ് അല്ലെങ്കിൽ ജി.എസ്.ടി നൽകിയേ തീരൂ. ഇതോടെ മാസപ്പടി വിവാദത്തിനു തിരശ്ശീല വീണുവെന്നും കുഴൽനാടനോ ആരാധകരോ ഇനി മാസപ്പടിയെന്നു വിളിക്കരുത്. അക്കഥ തീർന്നുവെന്നുമായിരുന്നു തോമസ് ഐസക്കിന്റെ പോസ്റ്റ്. എന്നാൽ വീണയുടെ കമ്പനി ജിഎസ്ടി അടച്ചതിന്റെ വ്യക്തമായ വിവരങ്ങളോ തെളിവുകളോ ഒന്നും തോമസ് ഐസക് ഉൾപ്പെടുത്തിയിരുന്നില്ല.
ഐസക് സാറേ.. അതിബുദ്ധി വേണ്ട.. കേസ് വാദം തുടങ്ങിയിട്ടല്ലേ ഉള്ളൂ. അതിനു മുമ്പേ വിധി പറയാൻ വെപ്രാളപ്പെടാതെയെന്ന് പറഞ്ഞാണ് മാത്യു കുഴൽനാടൻ മറുപടി തുടങ്ങിയത്. കൊച്ചിൻ മിനറൽസ് ആൻഡ് റൂട്ടൈൽ ലിമിറ്റഡിൽ (സിഎംആർഎൽ) കമ്പനിയിൽ നിന്നാണ് വീണയ്ക്കും അവരുടെ കമ്പനിക്കും മാസപ്പടി നൽകിയിരുന്നത്. വീണയ്ക്ക് അഞ്ച് ലക്ഷം രൂപ വീതവും എക്‌സലോജിക്കിന് 3 ലക്ഷവും വീതമാണ് നൽകിയിരുന്നത്. കമ്പനിക്ക് യാതൊരു സേവനങ്ങളും ഇവരിൽ നിന്ന് ലഭിച്ചില്ലെന്ന് കമ്പനി ഡയറക്ടർ ശശിധരൻ കർത്ത ആദായനികുതി തർക്ക പരിഹാര ബോർഡിൽ പറഞ്ഞിരുന്നു.
എന്റെ ഈ പോരാട്ടം സംസ്ഥാനത്തിന് കിട്ടേണ്ട നക്കാപ്പിച്ച നികുതിക്ക് വേണ്ടിയാണ് എന്ന് കരുതണ്ട. വീണ സിഎംആർഎല്ലിൽ നിന്നും വാങ്ങിയ തുക രണ്ട് കമ്പനികൾ തമ്മിലുള്ള സുതാര്യമായ ഇടപാടാണ് എന്നും, സേവനം നൽകിയതിന് വാങ്ങിയ പണമാണ് എന്നും സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റിന്റെ ന്യായീകരണം പച്ചക്കള്ളം എന്ന് തെളിയിക്കുന്നതിന് വേണ്ടിയിട്ടാണ് ഐജിഎസ്ടി കണക്കുകൾ പുറത്ത് കൊണ്ടുവരുന്നതെന്നും മാത്യു കുഴൽനാടൻ പറഞ്ഞു.
Discussion about this post