ന്യൂഡൽഹി: ലോക ചെസ് ചാമ്പ്യൻഷിപ്പിൽ ഇന്ത്യയുടെ ഗ്രാന്റ്മാസ്റ്റർ ആർ. പ്രഗ്നാനന്ദ ഫൈനലിൽ. അടുത്ത ദിവസം നടക്കുന്ന ഫൈനലിൽ ലോക ഒന്നാം നമ്പർ താരം മാഗ്നസ് കാൾസണെ പ്രഗ്നാനന്ദ നേരിടും. സെമിയിൽ ലോക രണ്ടാം നമ്പർ താരമായ ഫാബിയാനോ കരുവാനോയെ തോൽപ്പിച്ചാണ് പ്രഗ്നാനന്ദ നിർണായക നേട്ടം സ്വന്തമാക്കിയത്.
നിലവിലെ മത്സരരീതി അനുസരിച്ച് ലോക ചെസ് ചാമ്പ്യൻഷിപ്പിന്റെ ഫൈനലിൽ എത്തുന്ന ആദ്യ ഇന്ത്യൻ താരമാണ് പ്രഗ്നാനന്ദ. ടൈബ്രേക്കറിലൂടെയായിരുന്നു ഈ 18 കാരന്റെ ഫൈനൽ പ്രവേശനം. പ്രഗ്നാനന്ദയുൾപ്പെടെ നാല് പേരാണ് ക്വാർട്ടർ ഫൈലനിൽ എത്തിയിരുന്നത്. എന്നാൽ ഇപ്പോൾ പ്രഗ്നാനന്ദ മാത്രമാണ് ടൂർണമെന്റിൽ അവശേഷിക്കുന്നത്. ഫൈനലിൽ പ്രവേശനം നേടിയതോടെ ഇന്ത്യയുടെ യുവതാരം കാൻഡിഡേറ്റ് മത്സരങ്ങൾക്കും യോഗ്യത നേടിയിരിക്കുകയാണ്.
ഫാബിയാനോ കരുവാനോയെ തോൽപ്പിച്ചതോടെ ലോക ചാമ്പ്യൻഷിപ്പിൽ യോഗ്യത നേടുന്ന പ്രായം കുറഞ്ഞ മൂന്നാമത്തെ താരം എന്ന നേട്ടം കൂടിയാണ് പ്രഗ്നാനന്ദ സ്വന്തമാക്കിയിരിക്കുന്നത്. ഒന്നാം നമ്പർ താരമായ കാൾസനെ പ്രഗ്നാനന്ദ മുൻപും തോൽപ്പിച്ചിട്ടുണ്ട്. ഇത് ഫൈനലിൽ രാജ്യത്തിന് ഏറെ പ്രതീക്ഷ നൽകുന്നുണ്ട്. 2000, 2002 എന്നീ വർഷങ്ങളിലാണ് ഗ്രാന്റ്മാസ്റ്റർ വിശ്വനാഥൻ ആനന്ദ് കിരീടം നേടിയത്.
Discussion about this post