മോസ്‌കോ: ഇന്ത്യയുടെ ചാന്ദ്രയാൻ 3 നൊപ്പം ചന്ദ്രന്റെ ദക്ഷിണധ്രുവത്തിൽ ലാൻഡ് ചെയ്യുമെന്ന് കരുതിയ പേടകമായിരുന്നു റഷ്യയുടെ ലൂണ 25 ദൗത്യം. എന്നാൽ ഭ്രമണപഥം മാറ്റുന്നതിനിടെ ലൂണയുടെ നിയന്ത്രണം നഷ്ടപ്പെട്ട് ചന്ദ്രോപരിതലത്തിലേക്ക് ഇടിച്ചിറങ്ങുകയായിരുന്നു.
ഇപ്പോഴിതാ ചാന്ദ്രദൗത്യം തകർന്ന് വീണതിന് പിന്നാലെ കുഴഞ്ഞുവീണിരിക്കുകയാണ് റഷ്യയിലെ മുതിർന്ന ശാസ്ത്രജ്ഞൻ. ദേഹാസ്വാസ്ഥ്യത്തെ തുടർന്ന് മിഖായേൽ മാറോവിനെയാണ് (90) ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. സോവിയറ്റ് യൂണിയന്റെ കാലംതൊട്ടേ റഷ്യയുടെ സ്‌പേസ് ദൗത്യങ്ങളിൽ ഇദ്ദേഹം ഭാഗമാണ്.
ചാന്ദ്രദൗത്യത്തിന്റെ തിരിച്ചടി തന്നെ തകർത്തെന്നും അത് ആരോഗ്യത്തെ ബാധിച്ചതായും മിഖായേൽ പറഞ്ഞു. ”ഞാൻ ആശുപത്രിയിൽ നിരീക്ഷണത്തിലാണ്. ഞാനെങ്ങനെ ആശങ്കപ്പെടാതിരിക്കും? ഇത് ജീവിതത്തിന്റെ വലിയൊരു ഭാഗമാണ്. എന്നെ സംബന്ധിച്ച്, ഞങ്ങളുടെ ചാന്ദ്രദൗത്യത്തിന്റെ പുനരുദ്ധാരണത്തിനുള്ള അവസാന പ്രതീക്ഷയായിരുന്നു. ഈ സംഭവങ്ങളെല്ലാം വളരെ കഠിനമാണ്.” ക്രെംലിനിലെ ആശുപത്രിയിൽനിന്നും മിഖായേൽ പ്രതികരിച്ചു.ലൂണയുടെ തകർച്ചയ്ക്ക് കാരണമായ വസ്തുതകൾ ഗൗരവതരമായി ചർച്ച ചെയ്യപ്പെടുകയും പഠന വിധേയമാക്കപ്പെടുകയും ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നതായും അദ്ദേഹം കൂട്ടിച്ചേർത്തു.
Discussion about this post