കോട്ടയം: അന്തരിച്ച മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയെ പ്രകീർത്തിച്ച് സംസാരിച്ചതിന്റെ പേരിൽ വെറ്റിനറി ആശുപത്രിയിലെ താത്കാലിക ജീവനക്കാരിയോട് പ്രതികാര നടപടി. ജോലിയിൽ നിന്നും പുറത്താക്കി. പുതുപ്പള്ളി പള്ളിക്കിഴക്കേതിൽ പി.ഒ സതിയമ്മയെ ആണ് ജോലിയിൽ നിന്നും പുറത്താക്കിയതായി ആരോപണം ഉയർന്നിരിക്കുന്നത്.
മൃഗാശുപത്രിയിലെ സ്വീപ്പറായിരുന്നു സതിയമ്മ. സ്വകാര്യ ചാനലിലാണ് സതിയമ്മ ഉമ്മൻ ചാണ്ടിയെ പ്രകീർത്തിച്ച് സംസാരിച്ചത്. മകൻ രാഹുൽ മരിച്ചപ്പോൾ ഉമ്മൻ ചാണ്ടി നേരിട്ട് ഇടപെട്ട് സഹായങ്ങൾ ചെയ്തു. മകളുടെ വിവാഹത്തിനും സഹായങ്ങൾ ചെയ്തുവെന്നും ഇക്കുറി വോട്ട് ചാണ്ടി ഉമ്മന് നൽകുമെന്നും സതിയമ്മ പറഞ്ഞിരുന്നു. എന്നാൽ ഇതിന് പിന്നാലെ നടപടി സ്വീകരിക്കുകയായിരുന്നുവെന്നാണ് ആരോപണം. പരാമർശങ്ങൾ ചാനൽ സംപ്രേഷണം ചെയ്തതിന് പിന്നാലെ ജില്ലാ ഡെപ്യൂട്ടി ഡയറക്ടർ ഫോണിൽ വിളിച്ച് ജോലിക്ക് കയറേണ്ടെന്ന് നിർദ്ദേശിക്കുകയായിരുന്നുവെന്നാണ് സതിയമ്മ പറയുന്നത്.
അതേസമയം സംഭവം വലിയ വാർത്തയായതോടെ സതിയമ്മയെ തളളി സർക്കാർ രംഗത്ത് എത്തി. അനധികൃതമായാണ് സതിയമ്മ ജോലി തുടർന്നിരുന്നത് എന്നും ഇത് കണ്ടെത്തിയതിനെ തുടർന്നാണ് പിരിച്ച് വിട്ടതെന്നുമാണ് മന്ത്രി ചിഞ്ചു റാണിയുടെ പ്രതികരണം.
Discussion about this post