എറണാകുളം: യൂട്യൂബർക്കും യൂട്യൂബ് ചാനലിനുമെതിരെ പോലീസിൽ പരാതി നൽകി ഗായിക അമൃത സുരേഷ്. അപകീർത്തിപ്പെടുത്തുന്ന തരത്തിൽ വീഡിയോ പ്രചരിപ്പിച്ചതിനാണ് പരാതി നൽകിയത്. സോഷ്യൽ മീഡിയ ഫെയിം ആയ ദയ അശ്വതിയ്ക്കും, മിസ്റ്ററി മലയാളി എന്ന യുട്യൂബ് ചാനലിനുമെതിരെയാണ് പരാതി.
ഇൻസ്റ്റഗ്രാമിലൂടെയാണ് താരം പരാതി നൽകിയെന്ന് അറിയിച്ച് രംഗത്ത് എത്തിയത്. പരാതി കൈപ്പറ്റിയതിന് പോലീസ് നൽകിയ രസീതും പങ്കുവച്ചിട്ടുണ്ട്. പാലാരിവട്ടം പോലീസിനെയാണ് നിയമ നടപടി ആവശ്യപ്പെട്ട് അമൃത സുരേഷ് സമീപിച്ചത്.
ഫേസ്ബുക്ക് വീഡിയോകളിലൂടെ ദയ അശ്വതി നിരന്തരം അപകീർത്തിപ്പെടുത്താൻ ശ്രമിക്കുന്നുവെന്ന് അമൃത സുരേഷ് ഇൻസ്റ്റഗ്രാമിൽ കുറിച്ചു. കഴിഞ്ഞ രണ്ട് വർഷമായി ഇത് തുടരുകയാണ്. സഹികെട്ടാണ് പരാതി നൽകുന്നത്. പരാതിയിൽ തനിക്ക് അർഹിക്കുന്ന നീതി ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത് എന്നും താരം പറഞ്ഞു.
തന്റെ മകൾ മരിച്ചെന്ന തരത്തിൽ വാർത്തകൾ നൽകിയതിനാണ് മിസ്റ്ററി മലയാളി എന്ന യൂട്യൂബ് ചാനലിനെതിരെ പരാതി നൽകിയത് എന്നും അമൃത സുരേഷ് കൂട്ടിച്ചേർത്തു. കന്നഡ താരത്തിന്റെ മകളാണ് മരിച്ചത്. എന്നാൽ തന്റെ ഫോട്ടോ ഉൾപ്പെടെ നൽകി വാർത്ത നൽകിയത് വേദനിപ്പിച്ചുവെന്നും താരം കൂട്ടിച്ചേർത്തു.
Discussion about this post