ജമ്മു : കഴിഞ്ഞ ഏതാനും ദിവസങ്ങളായി നിരന്തരമായ നുഴഞ്ഞുകയറ്റ ശ്രമങ്ങളാണ് കാശ്മീരിൽ നടക്കുന്നത്. ഈ ശ്രമങ്ങൾ എല്ലാം തന്നെ സൈന്യം പരാജയപ്പെടുത്തുകയും നിരവധി ഭീകരരെ പിടികൂടുകയും ചെയ്തു. ഇപ്പോൾ പുറത്തുവരുന്ന പ്രതിരോധ ഗവേഷണ ഏജൻസിയുടെ റിപ്പോർട്ടുകൾ പ്രകാരം വേനൽക്കാലത്ത് ജമ്മു കശ്മീർ ആക്രമിക്കാനുള്ള ലഷ്കർ-ഇ-തൊയ്ബയുടെ പദ്ധതി പ്രകാരമാണ് ഈ നുഴഞ്ഞുകയറ്റശ്രമങ്ങൾ നടക്കുന്നത്.
രഹസ്യാന്വേഷണ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത് ജമ്മുകശ്മീരിന് എതിർവശത്തുള്ള പാക് അധീന മേഖലയിലെ ധക്കി, തേജിയാൻ, സർദാരി, കെൽ എന്നിവിടങ്ങളിലെ ചില പ്രദേശങ്ങളിൽ ലഷ്‌കർ ഭീകരരുടെ സംഘങ്ങൾ ജമ്മു കശ്മീരിലേക്ക് നുഴഞ്ഞുകയറാൻ ഒരുങ്ങുന്നുണ്ടെന്നാണ്. കശ്മീരിലെ സുരക്ഷാ സേനയെ ആക്രമിക്കാനും സുരക്ഷാ ഉദ്യോഗസ്ഥരിൽ നിന്ന് ആയുധങ്ങൾ തട്ടിയെടുക്കാനുമാണ് ഇവർ പദ്ധതിയിടുന്നത്. ലഷ്കർ-ഇ-തൊയ്ബ ഭീകരൻ മാരിഫത്ത് മഖ്ബൂൽ ഹജാം ഉൾപ്പെടെയുള്ള ചില പ്രവർത്തകരെ ഈ മേഖലയിൽ കണ്ടതായി റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.
കുപ്‌വാരയിലെ തിക്രി ഭായിക്കിലെ ചില പ്രദേശങ്ങളിൽ ഭീകരർ ആയുധങ്ങളും വെടിക്കോപ്പുകളും സൂക്ഷിച്ചിട്ടുള്ളതായും രഹസ്യന്വേഷണ റിപ്പോർട്ട് വെളിപ്പെടുത്തുന്നു. ഭീകരരെ കണ്ടെത്തിയ പ്രദേശങ്ങളും ആയുധങ്ങൾ സൂക്ഷിച്ചിരിക്കുന്ന പ്രദേശങ്ങളും ഇപ്പോൾ ഇന്ത്യൻ രഹസ്യാന്വേഷണ ഏജൻസിയുടെ സൂക്ഷ്മ നിരീക്ഷണത്തിലാണ്. കശ്മീരിൽ അതിർത്തി കടന്നുള്ള നുഴഞ്ഞുകയറ്റങ്ങൾ തടയാനായി ശക്തമായ ജാഗ്രതയിലാണ് ഇപ്പോൾ സൈന്യം.
Discussion about this post