യുഎഇ : മനുഷ്യക്കടത്ത് സംഘത്തിന്റെ വലയിലകപ്പെട്ട മലയാളി പെൺകുട്ടിയെ സാമൂഹ്യപ്രവർത്തകർ ചേർന്ന് രക്ഷപ്പെടുത്തി. റാസൽഖൈമയിലെ ഒരു വില്ലയിൽ നിന്നുമാണ് മനുഷ്യക്കടത്ത് സംഘം പാസ്പോർട്ട് പോലും പിടിച്ചുവെച്ച് തടവിലാക്കിയ പെൺകുട്ടിയെ രക്ഷിച്ചത്. ഇന്ത്യക്കാർ ഉൾപ്പെടെ ഒട്ടേറെ സ്ത്രീകൾ ഈ സംഘത്തിന്റെ ചതിയിയിലകപ്പെട്ട് ഇതേ വില്ലയിൽ കഴിയുന്നുണ്ടെന്നാണ് പെൺകുട്ടി വെളിപ്പെടുത്തുന്നത്.
പത്തനംതിട്ട സ്വദേശിനിയ്ക്കാണ് യുഎഇയിൽ ഈ ദുരനുഭവം ഉണ്ടായത്. നഴ്സിംഗ് അസിസ്റ്റന്റ് ജോലി വാഗ്ദാനം ചെയ്ത ഒരു ഏജന്റ് വഴിയാണ് ഈ പെൺകുട്ടി യുഎഇയിൽ എത്തുന്നത്. എന്നാൽ ഇവിടെ എത്തിയതോടെ പെൺകുട്ടിയുടെ പാസ്പോർട്ട് അടക്കം സംഘം കൈവശപ്പെടുത്തി. തുടർന്നാണ് ഈ പെൺകുട്ടിയെ റാസൽഖൈമയിലെ വില്ലയിൽ എത്തിക്കുന്നത്. ഒപ്പം താമസിച്ചിരുന്ന ഒരു ശ്രീലങ്കൻ സ്വദേശിയിൽ നിന്നും വീട്ടിലേക്ക് ഒരു വാട്സ്ആപ്പ് സന്ദേശം അയക്കാനായതാണ് പെൺകുട്ടിക്ക് രക്ഷയായത്.
പെൺകുട്ടിയുടെ വീട്ടുകാരുടെ പരാതി ലഭിച്ച ഗ്ലോബൽ പ്രവാസി യൂണിയൻ പ്രവർത്തകരും യുഎഇ പോലീസും ചേർന്നാണ് ഇവരെ രക്ഷപ്പെടുത്തിയത്. നാട്ടിൽ സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന പെൺകുട്ടികളെ മികച്ച ശമ്പളത്തോടുകൂടിയുള്ള ജോലി വാഗ്ദാനം ചെയ്ത് യുഎഇയിൽ എത്തിക്കുകയും പിന്നീട് ഇവരെ വിവിധ പ്രദേശങ്ങളിൽ വീട്ടുജോലി അടക്കമുള്ള പല ജോലികൾക്കും നിർബന്ധിച്ചു അയക്കുകയും ആണ് ഈ സംഘത്തിന്റെ രീതി. യുഎഇയിൽ ഇത്തരം തട്ടിപ്പുകൾ ഇപ്പോൾ തുടർക്കഥയാവുകയാണ്. ഈ വർഷം തന്നെ ഗ്ലോബൽ പ്രവാസി യൂണിയൻ ഇത്തരത്തിൽ രക്ഷപ്പെടുത്തുന്ന ഒമ്പതാമത്തെ പെൺകുട്ടിയാണിത്.
Discussion about this post