ബഹിരാകാശത്ത് എത്തിയ ആദ്യ ഇന്ത്യക്കാരൻ എന്ന നേട്ടത്തിന് ഉടമയായ രാകേഷ് ശർമ്മ ഐഎസ്ആർഒയുടെ ചാന്ദ്രയാൻ-3 ദൗത്യത്തെ അഭിനന്ദിച്ചു. ചാന്ദ്രയാൻ-3 ന്റെ വിജയത്തിൽ അതിശയം ഇല്ലെന്നും ഇത്തവണ വിജയിക്കുമെന്ന് ഉറച്ച് വിശ്വസിച്ചിരുന്നതായും രാകേഷ് ശർമ്മ വ്യക്തമാക്കി. നാഷണൽ ജിയോഗ്രാഫിക്കിൽ ചാന്ദ്രയാൻ-3 ലാൻഡിംഗിന്റെ തത്സമയ സംപ്രേക്ഷണ പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഇന്ത്യക്കാരനെന്ന നിലയിൽ ഇപ്പോൾ വളരെ അഭിമാനം തോന്നുന്നുണ്ടെന്നും രാകേഷ് ശർമ വ്യക്തമാക്കി. ഇന്ത്യൻ ബഹിരാകാശ പര്യവേക്ഷണങ്ങളുടെ ഏറ്റവും മികച്ച കാലഘട്ടമാണ് ഇപ്പോളെന്നും താനെല്ലാം അല്പം നേരത്തെ ജനിച്ചു പോയതിൽ വിഷമം ഉണ്ടെന്നും രാകേഷ് ശർമ പറഞ്ഞു. ഇന്ത്യയുടെ ബഹിരാകാശ പര്യവേക്ഷണ യുഗം ആരംഭിച്ചപ്പോഴേക്കും തനിക്ക് 75 വയസ്സോളം ആയത് സങ്കടകരമാണെന്നും രാകേഷ് ശർമ സൂചിപ്പിച്ചു.
നാസയിലെ ഇൻഡോ-അമേരിക്കൻ ബഹിരാകാശ സഞ്ചാരിയായ സുനിത വില്യംസും ചാന്ദ്രയാൻ-3 ദൗത്യത്തെ അഭിനന്ദിച്ചു. “മഹത്തായ ചാന്ദ്രയാത്രയ്ക്ക് അഭിനന്ദനങ്ങൾ. ഈ ലാൻഡിംഗിൽ നിന്ന് പുറത്തുവരേണ്ട ശാസ്ത്രീയ ഗവേഷണങ്ങളും റോവർ സാമ്പിളുകൾ എടുക്കുന്നതും കാണാൻ ഞാൻ വളരെ ആകാംക്ഷയിലാണ്. ചന്ദ്രനിൽ സുസ്ഥിരമായ ജീവിതം സാധ്യമാക്കുന്നതിനുള്ള മറ്റൊരു വലിയ ചുവടുവയ്പ്പായിരിക്കും ഇത്” എന്നാണ് ചന്ദ്രയാൻ-3ന് അഭിനന്ദനങ്ങൾ അറിയിക്കുന്നതോടൊപ്പം സുനിത വില്യംസ് കുറിച്ചത്.
Discussion about this post