ന്യൂഡൽഹി: ലഡാക്ക് അതിർത്തിയിലെ സംഘർഷാവസ്ഥ പരിഹരിക്കുന്നതിന്റെ ഭാഗമായുള്ള ഇന്ത്യ- ചൈന സൈനിക തല ചർച്ച അവസാനിച്ചു. ആറ് ദിവസം നീണ്ട ചർച്ചയാണ് ഇന്നലെ പര്യവസാനിച്ചത്. ചർച്ചയിൽ അതിർത്തിയിലെ പ്രശ്‌നങ്ങൾ പരിഹരിക്കുന്നതുമായി ബന്ധപ്പെട്ട നിർണായക തീരുമാനങ്ങൾ കൈക്കൊണ്ടതായാണ് റിപ്പോർട്ടുകൾ.
ഈ മാസം 19 മുതലായിരുന്നു സൈനിക തല ചർച്ച ആരംഭിച്ചത്. ദൗലത് ബെയ്ഗ് ഓൾഡി, ചുഷുൽ എന്നീ മേഖലകളിലായിരുന്നു ചർച്ച. ഇരു സൈനിക വിഭാഗങ്ങളുടെയും മേജർ ജനറലുമാർ ആയിരുന്നു കൂടിക്കാഴ്ച നടത്തിയത്. ത്രിശൂൽ ഡിവിഷൻ കമാൻഡർ മേജർ ജനറൽ പി.കെ മിശ്ര, യൂണിഫോം ഫോഴ്‌സ് കമാൻഡർ മേജർ ജനറൽ ഹരിഹരൻ എന്നിവരാണ് ഇന്ത്യയ്ക്ക് വേണ്ടി ചർച്ചയിൽ പങ്കെടുത്തത്. അതേസമയം ചർച്ചയുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ അധികൃതർ പുറത്തുവിട്ടിട്ടില്ല.
ഈ മാസം 13, 14 തിയതികൾ പ്രശ്‌ന പരിഹാരത്തിന്റെ ഭാഗമായി കോർ കമാൻഡർ തല ചർച്ച നടന്നിരുന്നു. ഇതിലായിരുന്നു ആറ് ദിവസം നീണ്ട ചർച്ച നടത്താൻ തീരുമാനിച്ചത് .ലഡാക്ക് അതിർത്തിയിൽ സംഘർഷമുണ്ടായതിന് പിന്നാലെ നടന്ന 19 ാമത് കമാൻഡർ തല ചർച്ചയായിരുന്നു ഇത്.
Discussion about this post