ന്യൂഡൽഹി: ഇന്ത്യയുടെ അഭിമാന ദൗത്യമായ ചാന്ദ്രയാൻ 3 ചന്ദ്രനിൽ സോഫ്റ്റ് ലാൻഡിംഗ് നടത്തിയതിന് പിന്നാലെ അഭിനന്ദന പ്രവാഹമാണ്. ഇന്ത്യയുടെ വളർച്ചയെയും പ്രയത്‌നങ്ങളെയും അഭിനന്ദിച്ച് നിരവധി പ്രമുഖരാണ് രംഗത്തെത്തുന്നത്. ഇന്ത്യയല്ലാതെ മറ്റൊരു രാജ്യവും ഇത്ര വേഗത്തിൽ പുരോഗമിച്ചിട്ടില്ലെന്ന് മൈക്രോസോഫ്റ്റ് പ്രസിഡന്റ് ബ്രാഡ് സ്മിത്ത് പറയുന്നു. ജി 20 ഉച്ചകോടിയുമായി ബന്ധപ്പെട്ടുള്ള യോഗത്തിൽ പങ്കെടുക്കാൻ ഡൽഹിയിൽ എത്തിയതായിരുന്നു അദ്ദേഹം.
പല കാര്യത്തിലും ഇന്ത്യയ്ക്ക് നേതൃസ്ഥാനത്ത് വരാൻ സാധിക്കുമെന്ന് അദ്ദേഹം പറഞ്ഞു. ആർട്ടിഫിഷ്യൽ ഇന്റലിജൻസ് മേഖലയിൽ ഇന്ത്യയ്ക്ക് പലതും ചെയ്യാൻ സാധിക്കുമെന്നും ബ്രാഡ് സ്മിത്ത് പറഞ്ഞു. പല രാജ്യങ്ങളും ഇന്ത്യയുടെ നേതൃത്വത്തിലേക്കും മാതൃകയിലേക്കും ഉറ്റു നോക്കും എന്ന് അദ്ദേഹം പറഞ്ഞു.
അതേസമയം ചാന്ദ്രയാൻ 3 ദൗത്യത്തിലെ പ്രഗ്യാൻ റോവർ ചന്ദ്രോപരിതലത്തിൽ ഇറങ്ങുന്നതിന്റെ വീഡിയോ പങ്ക് വെച്ചിരിക്കുകയാണ് ഐ എസ് ആർ ഒ. വിക്രം ലാൻഡറിന്റെ വാതിൽ തുറന്ന് റാമ്പിലൂടെ റോവർ ചന്ദ്രോപരിതലത്തിലേക്ക് ഉരുണ്ടിറങ്ങുന്നതിന്റെ വീഡിയോ ആണ് ഐ എസ് ആർ ഒ പങ്കുവച്ചിരിക്കുന്നത്. റോവർ ചന്ദ്രോപരിതലത്തിലൂടെ സഞ്ചരിക്കുമ്പോൾ അശോക സ്തംഭം, ഐ എസ് ആർ ഒയുടെ ലോഗോ എന്നിവയും പതിയും. ഈ മുദ്രകൾ ചന്ദ്രോപരിതലത്തിൽ ഇന്ത്യയുടെ മായാത്ത അടയാളമാകും.
Discussion about this post