ചെന്നൈ : ഐപിസിയ്ക്കും സിആര്‍പിസിയ്ക്കും ഹിന്ദി പേരുകള്‍ നല്‍കിയതില്‍ മദ്രാസ് ബാർ അസോസിയേഷൻ പ്രതിഷേധിച്ചു. ഭാരതീയ ന്യായ സംഹിത – 2023, ഭാരതീയ നാഗരിക് സുരക്ഷാ സംഹിത, ഭാരതീയ സാക്ഷ്യ ബിൽ എന്നിങ്ങനെ പേരുകൾ നൽകിയതിൽ ആണ് ചെന്നൈയിലെ അഭിഭാഷകരുടെ പ്രതിഷേധം. ഹിന്ദി അടിച്ചേല്‍പ്പിക്കാനുള്ള കേന്ദ്രസർക്കാരിന്റെ ശ്രമത്തിന്‍റെ ഭാഗമാണ് ഈ പേരു മാറ്റങ്ങൾ എന്നാണ് മദ്രാസ് ബാർ അസോസിയേഷൻ പറയുന്നത്.
പേരുമാറ്റത്തിൽ പ്രതിഷേധിച്ച് മദ്രാസ് ബാർ അസോസിയേഷൻ കേന്ദ്രസർക്കാരിനെതിരെ പ്രമേയം പാസ്സാക്കി. ബാർ അസോസിയേഷൻ ഐക്യകണ്ഠേനയാണ് ഭാരതീയ ന്യായ സംഹിത – 2023, ഭാരതീയ നാഗരിക് സുരക്ഷാ സംഹിത, ഭാരതീയ സാക്ഷ്യ ബിൽ എന്നിവയ്ക്കെതിരെ പ്രമേയം പാസാക്കിയത്. കേന്ദ്രസർക്കാർ തീരുമാനം പുനപരിശോധിക്കണമെന്ന് അസോസിയേഷൻ ജനറൽ ബോഡി ആവശ്യമുന്നയിക്കുകയും ചെയ്തു.
കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ആണ് ക്രിമിനല്‍ നിയമം പരിഷ്കരിക്കുന്ന പുതിയ ബില്ലുകൾ ലോക്സഭയില്‍ അവതരിപ്പിച്ചിരുന്നത്. 1862-ൽ ബ്രിട്ടീഷ് ഭരണകാലത്ത് ഇന്ത്യയിൽ പ്രാബല്യത്തിൽ വന്ന ഇന്ത്യൻ പീനൽകോഡിൽ വിവിധ മാറ്റങ്ങളും പരിഷ്കാരങ്ങളും വരുത്തിയാണ് പുതിയ ബിൽ അവതരിപ്പിച്ചിട്ടുള്ളത്. പുതിയ കാലഘട്ടത്തിൽ പുതിയ നിയമങ്ങൾ എന്നാണ് ഈ നിയമപരിഷ്കരണത്തെ കേന്ദ്ര ആഭ്യന്തര മന്ത്രി വിശേഷിപ്പിച്ചിരുന്നത്.
പുതിയ മാറ്റങ്ങൾ അനുസരിച്ച് കുട്ടികളെ ബലാത്സംഗം ചെയ്താൽ വധശിക്ഷ നൽകാനും കുട്ടികൾക്കെതിരായ കുറ്റകൃത്യങ്ങൾക്കുള്ള ശിക്ഷ ഏഴിൽ നിന്ന് 10 വർഷമായി കൂട്ടാനും ആണ് തീരുമാനം.
കൂട്ട ബലാത്സംഗത്തിന് 20 വർഷം ശിക്ഷയും പുതിയ ബില്ലിൽ അവതരിപ്പിച്ചിട്ടുണ്ട്. 175 വകുപ്പുകൾക്ക് മാറ്റം വരുത്തുകയും ഒമ്പത് പുതിയ വകുപ്പുകൾ പുതുതായി ചേർക്കുകയും ചെയ്താണ് ഭാരതീയ ന്യായ സംഹിത തയ്യാറാക്കിയിരിക്കുന്നത്.
Discussion about this post