ചാന്ദ്രയാൻ-3 ദൗത്യത്തിന്റെ വിജയത്തോടെ പല മുൻ ചാന്ദ്രദൗത്യങ്ങളും ചർച്ചയാകുന്നുണ്ട്. ചന്ദ്രനിൽ ഇറങ്ങിയ മനുഷ്യരെയും ചന്ദ്രനിൽ പതാക നാട്ടിയ രാജ്യങ്ങളെയും എല്ലാം നമുക്ക് പരിചിതമാണ്. എന്നാൽ ചന്ദ്രനിൽ ഒരു വ്യക്തിയുടെ ചിതാഭസ്മം അടക്കം ചെയ്തിട്ടുണ്ടെന്ന് അറിയാമോ? ജീവിച്ചിരിക്കെ നടക്കാതെ പോയ ഒരു ശാസ്ത്രജ്ഞന്റെ വലിയ സ്വപ്നങ്ങൾക്ക് നാസ നൽകിയ അംഗീകാരം ആയിരുന്നു അദ്ദേഹത്തിന്റെ ചിതാഭസ്മം ചന്ദ്രനിൽ അടക്കം ചെയ്തത്. ശാസ്ത്രരംഗത്തും ബഹിരാകാശ പ്രവർത്തനങ്ങളിലും നിരവധി സംഭാവനകൾ നൽകിയിട്ടുള്ള യൂജിൻ മെർലെ ഷുമേക്കർ ആണ് ഈ ചരിത്രം നേട്ടം സ്വന്തമാക്കിയിട്ടുള്ള വ്യക്തി.
വളരെ പ്രശസ്തനായ അമേരിക്കൻ ഭൗമശാസ്ത്രജ്ഞനായിരുന്നു യൂജിൻ മെർലെ ഷുമേക്കർ. യുണൈറ്റഡ് സ്റ്റേറ്റ്സ് ജിയോളജിക്കൽ സർവേയുടെ ആസ്ട്രോജിയോളജി റിസർച്ച് പ്രോഗ്രാമിന്റെ ആദ്യ ഡയറക്ടർ ആയിരുന്നു ഷുമേക്കർ. ആസ്ട്രോജിയോളജി റിസർച്ച് പ്രോഗ്രാം സ്ഥാപിച്ച് ജ്യോതിശാസ്ത്ര മേഖലയ്ക്ക് തുടക്കമിടാൻ ഷുമേക്കർ സഹായിച്ചു . ചന്ദ്രനിലേക്കുള്ള ചാന്ദ്ര റേഞ്ചർ ദൗത്യങ്ങളിൽ സുപ്രധാന പങ്ക് വഹിച്ചിരുന്ന വ്യക്തി കൂടിയായിരുന്നു അദ്ദേഹം. അമേരിക്കയുടെ അപ്പോളോ 11 , അപ്പോളോ 12 , അപ്പോളോ 13 ചാന്ദ്ര ദൗത്യങ്ങളുടെ ജിയോളജി പ്രിൻസിപ്പൽ ഇൻവെസ്റ്റിഗേറ്റർ ഷുമേക്കർ ആയിരുന്നു.
ബഹിരാകാശ യാത്രയും ചന്ദ്രനിൽ കാലുകുത്തുന്നതും എല്ലാം അദ്ദേഹത്തിന്റെ വലിയ സ്വപ്നങ്ങൾ ആയിരുന്നു. അപ്പോളോ ചാന്ദ്രദൗത്യത്തിൽ ചന്ദ്രനിലേക്ക് യാത്ര ചെയ്യുന്ന മനുഷ്യരുടെ പട്ടികയിൽ ഏറ്റവും കൂടുതൽ സാധ്യതയുണ്ടായിരുന്ന വ്യക്തിയും ഷുമേക്കർ ആയിരുന്നു. എന്നാൽ അപ്രതീക്ഷിതമായി അഡ്രീനൽ ഗ്രന്ഥിയുടെ തകരാറ് മൂലം സംഭവിക്കുന്ന അഡിസൺസ് രോഗം കണ്ടെത്തിയതിനാൽ ബഹിരാകാശയാത്രയ്ക്ക് ഷുമേക്കർ അയോഗ്യനായി. അതോടെ ബഹിരാകാശ യാത്ര നടത്തുക, ചന്ദ്രനിൽ എത്തുക എന്നിങ്ങനെയുള്ള വലിയ സ്വപ്നങ്ങൾ അദ്ദേഹത്തിന് പൂർത്തീകരിക്കാൻ കഴിയാതെ വന്നു. 1997 ജൂലൈ 18-ന് ഓസ്‌ട്രേലിയയിൽ വച്ച് ഒരു കാറപകടത്തിൽ യൂജിൻ മെർലെ ഷുമേക്കർ എന്ന ആ പ്രതിഭ എന്നെന്നേക്കുമായി ഭൂമിയിൽ നിന്നും വിട പറഞ്ഞു.
ജീവിച്ചിരിക്കുമ്പോൾ അദ്ദേഹത്തിന് സാധിക്കാതെ പോയ ചന്ദ്രനിൽ എത്തുക എന്ന ആഗ്രഹം അദ്ദേഹത്തിന്റെ മരണശേഷം സാധിച്ച് നൽകാൻ നാസ തീരുമാനിച്ചു. അങ്ങനെയാണ് ആ പ്രതിഭാശാലിയായ ശാസ്ത്രജ്ഞന്റെ ചിതാഭസ്മം ചന്ദ്രനിൽ അടക്കം ചെയ്യപ്പെട്ടത്. ലൂണാർ പ്രോസ്പെക്ടർ പേടകത്തിൽ കരോലിൻ പോർകോ രൂപകല്പന ചെയ്ത ഒരു കാപ്സ്യൂളിൽ അദ്ദേഹത്തിന്റെ ചിതാഭസ്മം ചന്ദ്രനിലേക്ക് കൊണ്ടുപോയി. അങ്ങനെ ചന്ദ്രനിൽ ചിതാഭസ്മം അടക്കം ചെയ്ത ഏക വ്യക്തി എന്ന ബഹുമതി യൂജിൻ മെർലെ ഷുമേക്കറിന്റെ പേരിൽ കുറിക്കപ്പെട്ടു.













Discussion about this post