റിയാദ്: സ്‌കൂളിൽ വിദ്യാർത്ഥികളുടെ കൊഴിഞ്ഞ് പോക്ക് തടയാൻ കർശന നടപടികളുമായി സൗദി അറേബ്യ.ഇനി മുതൽ രാജ്യത്ത് തക്കതായ കാരണമില്ലാതെ വിദ്യാർത്ഥി 20 ദിവസം ക്ലാസിൽ വന്നില്ലെങ്കിൽ രക്ഷിതാവ് ജയിലിൽ പോകേണ്ടി വരും. രാജ്യത്തെ ശിശു സംരക്ഷണ നിയമപ്രകാരം വിചാരണ നടത്തുകയും തടവുശിക്ഷയ്ക്ക് വിധിക്കുകയും ചെയ്യുമെന്നാണ് വിവരം.
സ്‌കൂൾ വിദ്യഭ്യാസം നൽകാനുള്ള ഉത്തരവാദിത്തം രക്ഷകർത്താക്കൾക്കാണെന്ന് ശിശു സംരക്ഷണ നിയമത്തിൽ വ്യവസ്ഥ ചെയ്തിട്ടുണ്ട്. ഈ നിയമപ്രകാരം സൗദി പബ്ലിക് പ്രോസിക്യൂഷൻ അന്വേഷണം നടത്തിയ ശേഷമാണ് നടപടി സ്വീകരിക്കുക. അന്വേഷണം പൂർത്തിയാക്കി പ്രോസിക്യൂട്ടർമാർ കേസ് കോടതിയിലേക്ക് റഫർ ചെയ്യും. വിദ്യാർത്ഥിയെ സ്‌കൂളിൽ അയക്കുന്നതിൽ അശ്രദ്ധ കാണിച്ചതായി കണ്ടെത്തിയാൽ രക്ഷിതാവിനെതിരെ ജയിൽ ശിക്ഷ വിധിക്കാൻ ജഡ്ജിക്ക് അധികാരമുണ്ടെന്നാണ് വിവരങ്ങൾ.
ന്യായമായ കാണമില്ലാതെ വിദ്യാർത്ഥി സ്‌കൂളിൽ നിന്ന് വിട്ടുനിന്നാൽ സ്‌കൂൾ പ്രിൻസിപ്പൽ ഗവർണറേറ്റുകൾക്കു കീഴിലെ വിദ്യാഭ്യാസ വകുപ്പിന് റിപ്പോർട്ട് ചെയ്യണം. പ്രാഥമിക അന്വേഷണം നടത്തിയ ശേഷം ഉദ്യോഗസ്ഥർ പരാതി വിദ്യാഭ്യാസ മന്ത്രാലയത്തിന് കൈമാറും. വിദ്യാർത്ഥിയെ വീട്ടിൽ നിന്നും ഫാമിലി കെയറിലേക്ക് മാറ്റുമെന്നും തുടർന്ന് കേസിൽ അന്വേഷണം നടക്കുമെന്നും റിപ്പോർട്ട് പറയുന്നു.
തക്കതായ കാരണമില്ലാതെ 15 ദിവസം ക്ലാസിൽ വന്നില്ലെങ്കിൽ ടിസി നൽകുന്ന ശിക്ഷാരീതി ഈ വർഷം രാജ്യത്ത് നടപ്പാക്കുന്നുണ്ട്. രാജ്യത്തെ സർക്കാർ സ്‌കൂളുകളിൽ ഹാജനില കുറയുന്നത് തടയാനാണിത്. രണ്ട് മാസത്തെ വേനൽക്കാല അവധിക്ക് ശേഷം രാജ്യത്ത് 60 ലക്ഷത്തിലധികം വിദ്യാർത്ഥികളാണ് കഴിഞ്ഞ ഞായറാഴ്ച പുതിയ അധ്യയന വർഷത്തിലേക്ക് പ്രവേശിച്ചത്.
Discussion about this post