ഭോപ്പാൽ: ഉജ്ജയിനിലെ മഹാകാലേശ്വർ ക്ഷേത്രത്തിൽ ദർശനം നടത്തി ബോളിവുഡ് നടി പരിനീതി ചോപ്ര. പ്രതിശ്രുധ വരനും ആംആദ്മി എംപിയുമായ രാഗവ് ഛദ്ദയ്‌ക്കൊപ്പമാണ് നടി ക്ഷേത്ര ദർശനം നടത്തിയത്. ഇവരുടെ ചിത്രങ്ങൾ സമൂഹമാദ്ധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്.
വിവാഹത്തിന് മുന്നോടിയായാണ് നടിയുടെ ക്ഷേത്ര ദർശനം എന്നാണ് റിപ്പോർട്ടുകൾ. ഇക്കഴിഞ്ഞ മെയിലായിരുന്നു രാഗവുമായുള്ള നടിയുടെ വിവാഹ നിശ്ചയം. വിവാഹ തിയതി സംബന്ധിച്ച വിവരം ഇവർ ഇതുവരെ പുറത്തുവിട്ടിട്ടില്ല. എന്നാൽ വിവാഹം ഉടനെയുണ്ടാകുമെന്ന സൂചനയാണ് ഒന്നിച്ചുള്ള ക്ഷേത്ര ദർശനം നൽകുന്നത്.
മണിക്കൂറുകളോളം ഇരുവരും ക്ഷേത്രത്തിൽ ചിലവഴിച്ചു. വിവിധ പൂജകളിൽ പങ്കെടുത്ത് അനുഗ്രഹം വാങ്ങിയ ശേഷമായിരുന്നു ഇവർ മടങ്ങിയത്. പിങ്ക് നിറത്തിലുള്ള സാരി ധരിച്ചായിരുന്നു പരിനീതി ചോപ്ര ക്ഷേത്രത്തിൽ എത്തിയത്. ഇരുവരുടെയും കുടുംബാംഗങ്ങളും ഒപ്പമുണ്ടായിരുന്നു എന്നാണ് സൂചന.
അതേസമയം ഈ വർഷം തന്നെ ഇരുവരുടെയും വിവാഹം നടക്കുമെന്നാണ് റിപ്പോർട്ടുകൾ. ഡിസംബറിൽ ഡൽഹിയിലാകും വിവാഹ ചടങ്ങുകൾ എന്ന വാർത്തകളും പുറത്തുവരുന്നുണ്ട്. എന്നാൽ ഇത് സംബന്ധിച്ച് പരിനീതി ചോപ്ര പ്രതികരിച്ചിട്ടില്ല.
Discussion about this post