ചന്ദ്രയാൻ 3 ന്റെ മഹാവിജയം ലോകത്തിന്റെ ഭാവിചരിത്രത്തിൽ ഇന്ത്യൻ തേരോട്ടത്തിന്റെ സുപ്രധാന നാഴികക്കല്ലായിഎഴുതപ്പെടും എന്നാണ് എൻറെ വ്യക്തിപരമായ നിരീക്ഷണം.
തദ്ദേശീയമായി ഒരു ഉപഗ്രഹവും വിക്ഷേപണ വാഹനവും സാങ്കേതികവിദ്യയും വികസിപ്പിച്ചെടുത്ത് രാജ്യത്തെ വിവിധ സ്ഥാപനങ്ങളെ ഏകോപിപ്പിച്ച് ആയിരക്കണക്കിന് സ്പെയർപാർട്സുകളെ കൂട്ടിച്ചേർത്ത് സൂചിമുനയുടെ കൃത്യതയോടെ ഏതാണ്ട് മൂന്നര ലക്ഷം കിലോമീറ്റർ അകലെ, മുൻപേ തീരുമാനിച്ച സ്ഥലത്തും സമയത്തും അണുവിട വ്യത്യാസമില്ലാതെ കൃത്യമായി പ്രിസിഷൻ പോയിന്റിൽ പ്രതിഷ്ഠിക്കാനാവുക എന്നത് അത്ര നിസ്സാരമായ ഒന്നല്ല. അതു നമ്മുടെ അന്തർലീനമായ ശേഷിയെയും ശക്തിയും എന്താണെന്നെന്നതിൻറെ സുശക്തമായ ആവിഷ്കാരമാണ്.
അതും നമുക്കു മുമ്പ് ഇക്കാര്യം ചെയ്ത മറ്റു മൂവരും അതിനായി മുടക്കിയതിൽ നിന്നും വെറും പത്തിലൊന്നു ചെലവിൽ നമുക്കത് നേടാനായി എന്നത് നമ്മുടെ കാര്യക്ഷമതയുടെ മകുടോദാഹരണമാണ്.
മൂന്നരലക്ഷം കിലോമീറ്റർ അകലെ വ്യത്യസ്ത ഭൂഗുരുത്വബലമുള്ള ഒരു ബിന്ദുലേക്ക് ഏതാണ്ട് 3000 കിലോ തൂക്കമുള്ള ഒരു പേടകം അർജുന കൃത്യതയോടെ എയ്തു കൊള്ളിക്കാമെങ്കിൽ ഇങ്ങോട് ആക്രമിക്കാൻ വരുന്ന ഈ ഭൂമുഖത്തെ ഏത് ശത്രുരാജ്യത്തിന്റെയും എത്ര തന്ത്ര പ്രധാന കേന്ദ്രമാണെങ്കിലും അത് പൂ പറിക്കുന്ന ലാഘവത്തോടെ ചുട്ടു കളയാൻ തക്ക പ്രത്യാക്രമണശേഷി കൂടി തങ്ങൾക്കുണ്ട് എന്ന് പരോക്ഷമായി സൂചിപ്പിക്കുക കൂടിയാണ് ചന്ദ്രയാൻ 3.
സാങ്കേതികവിദ്യയും സർഗാത്മകതയും മനുഷ്യപ്രയത്നവും കൈകോർക്കുമ്പോൾ ഉരുത്തിരിയുന്നത് മാനവരാശിയുടെ പുരോഗമനത്തിനും അതേസമയം സുരക്ഷയ്ക്കും കൂടി ഒരേപോലെ ഉതകുന്ന നേട്ടങ്ങളാണ്.
രാജ്യത്തിൻറെ ഓരോ വൻ വിജയങ്ങളും ഇവിടുത്തെ ഓരോ പൗരനും ബ്രിട്ടീഷുകാരന്റെ അടിമയായി നരകിച്ചു യാചിച്ചു സ്വാതന്ത്ര്യം വാങ്ങി എന്ന ദുർബല മാനസിക നിലയിൽ നിന്നും താൻ ലോകത്തിലെ ഏറ്റവും മിടുക്കരായ ജനതയുടെ ഭാഗമാണ് എന്ന തിരിച്ചറിവാണ് നൽകുന്നത്.
തങ്ങളെ ആക്രമിക്കാൻ വരുന്ന ശത്രുക്കളുടെ വാളിന് സ്വയം തലവച്ചുകൊടുത്ത ഇരയായി മരണം വരിച്ച് അവരെ ഇളിഭ്യരാക്കാം എന്ന ഗാന്ധിയൻ അഹിംസാആശയ വൈകൃതത്തിൽ നിന്നും അതിശക്തമായ പ്രഹരശേഷിയുള്ള ഒരു ക്ഷത്രിയ നയതന്ത്ര നേതൃത്വമായി ലോകരാജ്യങ്ങൾക്കിടയിൽ ഇന്ത്യ പറന്നുയുകയാണ്. 1980കളിൽ ഇന്ത്യ വിവരസാങ്കേതിക (ഐടി )സേവന രംഗങ്ങളിൽ കാലു വച്ചതിന് സമാനമായ ഒരു കാലഘട്ടമാണ് പ്രതിരോധ മേഖല ഇന്ന് കടന്നുപോയിക്കൊണ്ടിരിക്കുന്നത്. അതിൻറെ വളർച്ചയുടെ വിവിധ ഘട്ടങ്ങൾ ഇനി വരാനിരിക്കുന്നതേയുള്ളൂ. ഒരിക്കൽ അടിച്ചമർത്തപ്പെട്ട എന്നാൽ പിൽക്കാലത്ത് ആത്മാഭിമാനം തിരിച്ചറിഞ്ഞ ഒരു ജനതയും പിന്നീടാെരിക്കലും പുറകോട്ട് പോയ ചരിത്രം ഉണ്ടായിട്ടില്ല.
കരുത്തനായവനോടൊപ്പം നിൽക്കാൻ കൂടുതൽ കരുത്തന്മാർ എത്തുമ്പോൾ നമ്മുടെ നാട്ടിലേക്ക് കൂടുതൽ നിക്ഷേപങ്ങൾ വരികയും അതുവഴി വിവിധ മേഖലകളിൽ വളരെയധികം .തൊഴിലുകൾ സൃഷ്ടിക്കപ്പെടുകയും ചെയ്യും. അങ്ങനെ ഇത്തരം നേട്ടങ്ങളുടെ ഫലമായി നമ്മുടെ സാധാരണക്കാർക്ക് കാലക്രമേണ നേരിട്ടല്ലാതെ വരുമാനം കൂടുകയും ചെയ്യും. ചലിക്കുന്ന സമ്പദ് വ്യവസ്ഥയായി നമ്മൾ മുന്നേറുന്നത് ചുറ്റുമുള്ളവരിൽ പലരും സമ്മതിച്ചു തരിലെങ്കിലും അത് ഒരു പച്ചയായ യാഥാർത്ഥ്യമാണ് .
മറ്റൊരു കാര്യം കൂടി , ശാസ്ത്ര കുതുകികളായ വിദ്യാർത്ഥികളോടാണ്.
നിങ്ങളിൽ കണക്ക് സയൻസ് ഒന്നും പഠിച്ചിട്ട് വലിയ കാര്യമൊന്നുമില്ല ഇതൊന്നും ജീവിതത്തിൽ നിങ്ങൾക്ക് പ്രയോജനപ്പെടാൻ പോകുന്നില്ല എന്നൊക്കെ പറഞ്ഞു കള്ളും കഞ്ചാവും അടിച്ചു നടക്കുന്ന ഇഷ്ടം പോലെ ഊള കവികളും സിനിമക്കാരും ഒക്കെ നിങ്ങളുടെ ചുറ്റും ഉണ്ടാവും. മൂന്നാംകിട പൈങ്കിളി പറയാനും തറ ചളിയടിക്കൽ തൊഴിലാക്കിയവർക്കുമൊന്നും പ്രിസിഷൻ സയൻസിന്റെ ആവശ്യമില്ല എന്ന് കരുതി മാനവരാശിയുടെ ഗതി നിർണയിക്കുന്ന മേഖലകളിൽ ഇടം പിടിക്കാൻ കണക്കിനോളം പോരാൻ മറ്റൊന്നുമില്ല. ചന്ദ്രയാൻ 3 എന്നത് ആയിരക്കണക്കിന് ഹൈപ്പർ കോംപ്ലിക്കേറ്റഡ് ഹയർ ഓർഡർ മാത്തമാറ്റിക്കൽ സിമുലേഷൻസിന്റെ നിരവധിയാവർത്തികളുടെ പരിണിതഫലമാണ്. അതിനാൽ ശാസ്ത്രത്തെ പ്രണയിക്കുന്നവർ തീർച്ചയായും ഗണിതത്തെ (കണക്കിനെ ) പ്രണയിച്ചു തുടങ്ങുക.
നിങ്ങളാരായി മാറണമെന്നും അതിനായി ആരെയാണ് മാതൃകയാക്കേണ്ടതെന്നും നിങ്ങളാണ് തീരുമാനിക്കേണ്ടത്.
നിങ്ങൾ മാത്രം !
ജയ്ഹിന്ദ്!
Discussion about this post