ബംഗളൂരു: ഇന്ത്യയുടെ അഭിമാന ദൗത്യമായ ചാന്ദ്രയാൻ 3 അതിന്റെ ജോലികളോരോന്നും വിജയകരമായി പൂർത്തീകരിക്കുന്നു. ചന്ദ്രൻറെ ദക്ഷിണ ധ്രുവത്തിലെ മണ്ണിൻറെ താപനില അളന്നതായി ഇസ്രോ വ്യക്തമാക്കി. ബഹിരാകാശ ചരിത്രത്തിൽ തന്നെ ആദ്യമായി ചന്ദ്രനിലെ ദക്ഷിണ ധ്രുവത്തിൽ നിന്ന് ഒരു രാജ്യം താപനില അളക്കുന്നത് ആദ്യമായിട്ടാണ്. ലാൻഡറിലെ ചെസ്റ്റ് പേ ലോഡിൽ നിന്നുള്ള നിർണായക വിവരങ്ങൾ ഇസ്രൊ പുറത്തുവിട്ടു.
ചന്ദ്രനിൽ പര്യവേക്ഷണം നടത്തുന്ന പ്രഗ്യാൻ റോവറാണ് 10 സെൻറീമീറ്റർ വരെ ആഴത്തിൽ ചന്ദ്രോപരിതലത്തിലെ മണ്ണിൻറെ താപവ്യതിയാനം അളന്ന്, വിവരം വിക്രം ലാൻഡർ വഴി ബംഗളൂരുവിലെ ഐഎസ്ആർഒ കേന്ദ്രത്തിലേക്കയച്ചത്. പത്ത് സെൻറീമീറ്റർ വരെയുള്ള വ്യത്യസ്ത ആഴങ്ങളിലെ താപവ്യതിയാനത്തിൻറെ ഗ്രാഫും ഐഎസ്ആർഒ പങ്കുവച്ചിട്ടുണ്ട്. റോവറിൽ ഘടിപ്പിച്ചിരിക്കുന്ന ചാസ്റ്റ് (Chandra’s Surface Thermophysical Experiment – ChaSTE) എന്ന ഉപകരണത്തിൻറെ സഹായത്തോടെയാണ് താപനില പരിശോധിച്ചത്. പത്ത് പ്രത്യേക സെൻസറുകളാണ് ഈ ഉപകരണത്തിലുള്ളത്. ചന്ദ്രോപരിതലം മുതൽ അവിടുന്ന് 80 മില്ലിമീറ്റർ താഴെ വരെയുള്ള മണ്ണിലെ താപ വ്യത്യാസമാണ് ആദ്യഘട്ടത്തിൽ ഉപകരണം അളന്നത്.
ചന്ദ്രന്റെ മേൽമണ്ണിൽ വലിയ താപവ്യത്യാസമുണ്ടെന്നാണ് പര്യവേഷണത്തിൽ കണ്ടെത്തിയത്. ചന്ദ്രോപരിതലത്തിൽ 50 ഡിഗ്രി സെൽഷ്യസാണ് താപനില.
സൂര്യൻറെ പ്രകാശമുള്ളപ്പോൾ ചന്ദ്രന്റെ ഉപരിതല ഊഷ്മാവ് അൻപത് ഡിഗ്രി സെൽഷ്യസാണെങ്കിലും, 80 മില്ലീമീറ്റർ താഴെ ഇത് മൈനസ് പത്ത് ഡിഗ്രീ സെൽഷ്യസാണ്.
ഭാവിയിൽ ഈ മണ്ണുപയോഗിച്ച് ചന്ദ്രനിൽ നിർമ്മാണ പ്രവർത്തികൾ അടക്കം നടത്തുന്നതിനെ പറ്റിയുള്ള ഗവേഷണങ്ങൾക്ക് ഈ വിവരങ്ങൾ സഹായകമാകും.തിരുവനന്തപുരം വിഎസ്എസ്‌സിയുടെ ഭാഗമായ സ്‌പേസ് ഫിസികിസ് ലബോറട്ടറിയുടെ നേതൃത്വത്തിലാണ് ഉപകരണം വികസിപ്പിച്ചത്.
Discussion about this post