ഖമ്മം: കോൺഗ്രസിനെയും ബിആർഎസിനെയും കടന്നാക്രമിച്ച് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. കോൺഗ്രസ് പാർട്ടി 4ജി പാർട്ടിയാണെന്നും കെസിആറിന്റെ നേതൃത്വത്തിലുള്ള പാർട്ടി 2ജിയാണെന്നും അദ്ദേഹം പരിഹസിച്ചു. തെലങ്കാനയിലെ ഖമ്മത്തിൽ നടന്ന ബിജെപി റാലിയെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം.
കോൺഗ്രസ് പാർട്ടി 4 ജി പാർട്ടിയാണ്, അതായത് നാല് തലമുറ പാർട്ടി (ജവഹർലാൽ നെഹ്റു, ഇന്ദിരാഗാന്ധി, രാജീവ് ഗാന്ധി, രാഹുൽ ഗാന്ധി ), ബിആർഎസ് 2 ജി പാർട്ടിയാണ്, അതായത് രണ്ട് തലമുറ പാർട്ടി (കെസിആർ, പിന്നീട് കെടിആർ), എന്നാൽ ഇത്തവണ 2ജിയും 4ജിയും വിജയിക്കില്ല. കാരണം ബിജെപി വിജയിക്കും, തെലങ്കാനയിൽ അധികാരത്തിൽ വരാനുള്ള സമയമാണിതെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
2ജിയും വരില്ല, 3ജിയും വരില്ല, 4ജിയും വരില്ല, ഇനി താമരയുടെ ഊഴമാണെന്നും അമിത് ഷാ പറഞ്ഞു. സംസ്ഥാന രൂപീകരണ സമയത്ത് ജീവൻ നഷ്ടപ്പെട്ട നിരവധി ആളുകളുടെ സ്വപ്നങ്ങളാണ് ബിആർഎസ് തകർത്തതെന്ന് അദ്ദേഹം ആരോപിച്ചു. തിരഞ്ഞെടുപ്പ് അടുത്തുവരികയാണ്, ബിജെപി സർക്കാർ രൂപീകരിക്കാൻ പോകുകയാണ്, വരുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ തെലങ്കാനയിൽ ബിജെപി സർക്കാർ രൂപീകരിക്കുമെന്ന് അദ്ദേഹം ആത്മവിശ്വാസം പ്രകടിപ്പിച്ചു. തെലങ്കാനയുടെ ഭാവി മുഖ്യമന്ത്രി പ്രധാനമന്ത്രി മോദിയുടെ നേതൃത്വത്തിൽ ബിജെപിയിൽ നിന്നായിരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കഴിഞ്ഞ ഒമ്പത് വർഷമായി ഒവൈസിക്കൊപ്പം ഇരുന്നുകൊണ്ട് തെലങ്കാന മുക്തി സംഗ്രാമിലെ പോരാളികളുടെ സ്വപ്നങ്ങളാണ് നിങ്ങൾ തകർത്തതെന്ന് ഭാരത് രാഷ്ട്ര സമിതി അധ്യക്ഷനെ കടന്നാക്രമിച്ച് അമിത് ഷാ പറഞ്ഞു.
ഈ വർഷം അവസാനമാണ് തെലങ്കാന നിയമസഭാ തിരഞ്ഞെടുപ്പ്. ബിജെപിയും ഭരണകക്ഷിയായ ബിആർഎസും കോൺഗ്രസും തമ്മിൽ ത്രികോണ മത്സരത്തിനാണ് സംസ്ഥാനം സാക്ഷ്യം വഹിക്കാൻ പോകുന്നത്. 2024ലെ നിർണായക ലോക്സഭാ തിരഞ്ഞെടുപ്പിന് മുമ്പ് ബിജെപി നയിക്കുന്ന എൻഡിഎയ്ക്കും പ്രതിപക്ഷത്തിന്റെ ഇൻഡിയ സഖ്യത്തിനും തെലങ്കാന തിരഞ്ഞെടുപ്പ് അഗ്‌നിപരീക്ഷയാകും
Discussion about this post