കൊൽക്കത്ത: ദത്താപുകൂറിലെ പടക്ക നിർമ്മാണശാലയിൽ ഉണ്ടായ സ്ഫോടനത്തിൽ ഏഴ് പേർ മരിച്ച സംഭവത്തിൽ എൻ ഐ എ അന്വേഷണം ആവശ്യപ്പെട്ട് ബിജെപി. ഇക്കാര്യം വ്യക്തമാക്കി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായ്ക്ക് കത്തെഴുതിയതായി ബംഗാൾ പ്രതിപക്ഷ നേതാവ് സുവേന്ദു അധികാരി അറിയിച്ചു.
ബംഗാളിൽ ഇത്തരം സംഭവങ്ങൾ തുടർക്കഥയാവുകയാണ്. ഇവയ്ക്ക് പിന്നിലെ യഥാർത്ഥ കാരണം പുറത്തു വരണമെങ്കിൽ സുതാര്യവും നിഷ്പക്ഷവുമായ അന്വേഷണം അനിവാര്യമാണ്. അതിനാലാണ് തങ്ങൾ എൻ ഐ എ അന്വേഷണം ആവശ്യപ്പെടുന്നതെന്ന് സുവേന്ദു അധികാരി പറഞ്ഞു.
മേഖലയുടെ സുരക്ഷയ്ക്ക് ഭീഷണിയാണ് നിരന്തരം ആവർത്തിക്കപ്പെടുന്ന ഇത്തരം സംഭവങ്ങൾ. സംഭവങ്ങളിലെ ഭീകര സാന്നിദ്ധ്യത്തെ കുറിച്ചും തങ്ങൾക്ക് ആശങ്കയുണ്ടെന്ന് സുവേന്ദു അധികാരി പറഞ്ഞു.
ദത്താപുകൂറിലെ ജനങ്ങൾ ഇത്തരത്തിലുള്ള അനധികൃത പടക്ക നിർമ്മാണശാലകളെ കുറിച്ച് പല തവണ അധികാരികൾക്ക് പരാതി നൽകിയിരുന്നു. എന്നാൽ നിരാശയായിരുന്നു ഫലം. ബംഗാളിൽ നിന്നും അടുത്തയിടെ ഐ എസ് ഐ ചാരൻ പിടിയിലായ സംഭവവും സുവേന്ദു അധികാരി ചൂണ്ടിക്കാട്ടി.
അതേസമയം, പശ്ചിമ ബംഗാൾ ഗവർണർ സി വി ആനന്ദബോസ് അൽപ്പസമയം മുൻപ് സ്ഫോടനം നടന്ന സ്ഥലം സന്ദർശിച്ചിരുന്നു. സ്ഫോടനത്തിൽ ഏഴ് പേർ മരിച്ചതായി സ്ഥിരീകരിച്ചിട്ടുണ്ട്. നിരവധി പേർക്ക് ഗുരുതരമായി പരിക്കേൽക്കുകയും ചെയ്തിരുന്നു.
Discussion about this post