ബംഗലൂരു: മാദ്ധ്യമങ്ങളിൽ വരുന്ന വാർത്തകളുടെ ഉള്ളടക്കം പരിശോധിക്കാൻ ഫാക്ട് ചെക്കിംഗ് സംവിധാനം ഏർപ്പെടുത്താനുള്ള കർണാടക സർക്കാരിന്റെ നീക്കത്തിൽ ആശങ്കയറിയിച്ച് എഡിറ്റേഴ്സ് ഗിൽഡ്. ഏത് വാർത്തയാണ് ശരി, ഏതാണ് തെറ്റ് എന്ന് നിർണയിക്കാനുള്ള അവകാശം സർക്കാർ സംവിധാനങ്ങൾ ഏറ്റെടുക്കുന്നത് പത്രമാരണ നിയമത്തിന് സമാനമാണെന്ന് ബോംബെ ഹൈക്കോടതിയിൽ സമർപ്പിച്ച ഹർജിയിൽ എഡിറ്റേഴ്സ് ഗിൽഡ് ചൂണ്ടിക്കാട്ടുന്നു.
വാർത്തകളുടെ ഉള്ളടക്കം പരിശോധിക്കാനുള്ള കർണാടക സർക്കാരിന്റെ തീരുമാനം വിയോജിപ്പിന്റെ സ്വരങ്ങളെ ഇല്ലാതാക്കാൻ വേണ്ടി ദുരുപയോഗം ചെയ്യപ്പെടാൻ സാദ്ധ്യതയുണ്ട്. മാദ്ധ്യമ പ്രവർത്തകർക്കും മാദ്ധ്യമ സ്ഥാപനങ്ങൾക്കും അവകാശപ്പെട്ട സ്വാഭാവിക നീതി നിഷേധിക്കപ്പെടാൻ പാടില്ല. മാദ്ധ്യമ സ്വാതന്ത്ര്യം ഹനിക്കപ്പെടുന്ന തരത്തിലുള്ള ഒരു നിരീക്ഷണ സംവിധാനങ്ങളും അംഗീകരിക്കാൻ സാധിക്കില്ലെന്നും എഡിറ്റേഴ്സ് ഗിൽഡ് വ്യക്തമാക്കുന്നു.
ഫാക്ട് ചെക്കിംഗ് യൂണിറ്റിന്റെ അധികാരങ്ങളും സാദ്ധ്യതകളും എന്തൊക്കെയാണ് എന്ന കാര്യത്തിൽ കർണാടക സർക്കാർ വ്യക്തത വരുത്തണം. ഫാക്ട് ചെക്കിംഗ് യൂണിറ്റിനെ നിയന്ത്രിക്കുന്നത് ആരാണെന്നതും വ്യക്തമാക്കണം. ഈ സംവിധാനം നടപ്പിൽ വരുത്തുന്നതിന് മുൻപായി മാദ്ധ്യമ സംഘടനകളെ വിശ്വാസത്തിലെടുക്കാൻ സർക്കാർ തയ്യാറാകണമെന്നും എഡിറ്റേഴ്സ് ഗിൽഡ് പ്രസ്താവനയിൽ ആവശ്യപ്പെടുന്നു.
കർണാടകയിൽ വാർത്തകളിലെ സത്യം തിരയാൻ ഒരു ഫാക്ട് ചെക്കിംഗ് സംവിധാനം ഏർപ്പെടുത്തുമെന്ന് മുഖ്യമന്ത്രി സിദ്ധരാമയ്യ കഴിഞ്ഞയാഴ്ച വ്യക്തമാക്കിയിരുന്നു. മുഖ്യമന്ത്രിയുടെ വസതിയിൽ ചേർന്ന സൈബർ സുരക്ഷാ യോഗത്തിലായിരുന്നു തീരുമാനം. ഇതിനായി നിർമ്മിത ബുദ്ധി സംവിധാനം ഏർപ്പെടുത്തണമെന്ന് കർണാടക ഐടി മന്ത്രി പ്രിയങ്ക് ഖാർഗെ ആവശ്യപ്പെട്ടിരുന്നു.
Discussion about this post