ബംഗളുരു : പരസ്ത്രീബന്ധവും ദുർനടപ്പും ചോദ്യംചെയ്ത മാതാപിതാക്കളെ മകൻ വിഷം കൊടുത്ത് കൊലപ്പെടുത്തി. കർണാടകയിലെ ഹാസൻ ജില്ലയിലാണ് സംഭവം.
ബിസിലഹള്ളി സ്വദേശിയായ നഞ്ചുണ്ടപ്പ (55) അദ്ദേഹത്തിന്റെ ഭാര്യ ഉമ (48) എന്നിവരാണ് കൊല്ലപ്പെട്ടത്. ഇവരുടെ മകൻ 27 വയസുകാരനായ മഞ്ജുനാഥിനെ പോലീസ് അറസ്റ്റ് ചെയ്തു.
ഏതാനും ദിവസങ്ങൾക്കു മുൻപാണ് മാതാപിതാക്കളുടെ ഭക്ഷണത്തിൽ മഞ്ജുനാഥ് കീടനാശിനി കലർത്തിയതെന്നാണ് പോലീസ് പറയുന്നത്. ശാരീരികാസ്വാസ്ഥ്യങ്ങൾ മൂലം ഈ ദമ്പതികൾ ആശുപത്രിയിൽ ചികിത്സയിൽ കഴിയുകയായിരുന്നു. എന്നാൽ വിഷം ഉള്ളിൽ ചെന്നതിനാലാണ് ഇവർക്ക് ആരോഗ്യപ്രശ്നങ്ങൾ ഉണ്ടായതെന്ന് കണ്ടെത്തിയിരുന്നില്ല. മരണശേഷം നടന്ന പരിശോധനയിലാണ് കീടനാശിനി ഉള്ളിൽ ചെന്നതായി കണ്ടെത്തിയത്.
മരണപ്പെട്ട ദമ്പതികളുടെ രണ്ടാമത്തെ മകനാണ് മഞ്ജുനാഥ്. ഇയാൾക്ക് ഒരു വിധവയുമായി ഉണ്ടായിരുന്ന പരസ്ത്രീബന്ധവും പണം ദുർവിനിയോഗം ചെയ്യുന്നതും മാതാപിതാക്കൾ എതിർത്തതിനെ തുടർന്നാണ് ഇവർക്ക് വിഷം നൽകിയത്. മാതാപിതാക്കളുടെ മരണശേഷം ശവസംസ്കാരം പെട്ടെന്ന് നടത്താനായി മഞ്ജുനാഥ് തിടുക്കം കാണിച്ചത് മൂത്തമകനിൽ സംശയമുണ്ടാക്കുകയായിരുന്നു. ഇതിനെ തുടർന്നാണ് മൃതദേഹങ്ങൾ പോസ്റ്റ്മോർട്ടം നടത്തുന്നത്. പോലീസിന്റെ ചോദ്യം ചെയ്യലിൽ മഞ്ജുനാഥ് കുറ്റം സമ്മതിച്ചതോടെ ഇയാളുടെ അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു.
Discussion about this post