തൃശൂർ : കൊറിയർ വഴി കഞ്ചാവ് കടത്തിയ കുന്നംകുളം സ്വദേശി അറസ്റ്റിൽ. കുന്നംകുളം ആനായ്ക്കൽ പൊർക്കളേങ്ങാട് സ്വദേശിയായ 22കാരൻ വൈശാഖ് ആണ് അറസ്റ്റിലായത്. ബംഗളൂരുവിൽ നിന്നുമാണ് ഇയാൾ കൊറിയർ വഴി കുന്നംകുളത്തേക്ക് സ്ഥിരമായി കഞ്ചാവ് അയച്ചിരുന്നത്.
ഏതാനും നാളുകളായി വൈശാഖ് സ്ഥിരമായി ബംഗളൂരുവിൽ മുറിയെടുത്ത് വ്യാജ കമ്പനി മേൽവിലാസം ഉപയോഗിച്ച് കുന്നംകുളത്തേക്ക് കൊറിയർ അയക്കുകയാണ് പതിവ്. സംശയം തോന്നാതിരിക്കാൻ ഫ്ലിപ്കാർട്ടിന്റെ കവറുകൾ വഴിയാണ് ഇയാൾ കൊറിയർ അയച്ചിരുന്നത്. ബംഗളൂരുവിൽ നിന്നും കൊറിയർ അയച്ച ശേഷം ഇയാൾ തിരികെ നാട്ടിലെത്തി കുന്നംകുളത്ത് നിന്നും ഈ കൊറിയർ കൈപ്പറ്റുകയായിരുന്നു രീതി. കൊറിയർ അയക്കുന്ന ആളും സ്വീകരിക്കുന്നയാളും ഒരാൾ തന്നെ ആയതാണ് സംശയത്തിന് ഇടയാക്കിയത്.
കഴിഞ്ഞദിവസം കൊല്ലത്തു നിന്നും പിടിച്ച കഞ്ചാവ് ലഭിച്ചത് കുന്നംകുളം സ്വദേശിയിൽ നിന്നുമാണ് എന്ന വിവരത്തെ അടിസ്ഥാനമാക്കി ജില്ലാ ലഹരി വിരുദ്ധ സ്ക്വാഡിന്റെ നിരീക്ഷണത്തിലായിരുന്നു വൈശാഖ്. ഇയാളുടെ നീക്കങ്ങൾ നിരീക്ഷിച്ച പോലീസ് ഒടുവിൽ കയ്യോടെ പൊക്കുകയായിരുന്നു. ഇയാൾ കൊറിയർ വഴി അയച്ച 100 ഗ്രാം ഉയർന്ന ഗുണനിലവാരമുള്ള ഗ്രീൻ ലീഫ് കഞ്ചാവ് പോലീസ് പിടിച്ചെടുത്തിട്ടുണ്ട്.
Discussion about this post