തിരുവനന്തപുരം: മലയാളിയുടെ ദേശീയോത്സവമായ ഓണം എല്ലാ ആഡംബരങ്ങളോടും കൂടി നാടും നഗരവും ഇന്ന് ആഘോഷിക്കുന്നു. ആബാലവൃദ്ധം ജനങ്ങളും ഓണാഘോഷങ്ങളുടെ തിരക്കിലാണ്. സമത്വത്തിന്റെ ആഘോഷമായാണ് ഏവരും ഓണം കൊണ്ടാടുന്നത്.
മഹാവിഷ്ണുവിന്റെ വാമനാവതാരം മഹാബലിയെ പാതാളത്തിലേക്ക് അവരോധിച്ചതിന്റെ സ്മരണയിലാണ് മലയാളി ഓണം ആഘോഷിക്കുന്നത്. അസുര ചക്രവർത്തിയായ മഹാബലിയുടെ ഖ്യാതി ഇന്ദ്രലോകത്തിനും ഭീഷണിയായപ്പോഴാണ് ദേവന്മാർ മഹാവിഷ്ണുവിനോട് സഹായമഭ്യർത്ഥിച്ചത്. പ്രജകളോടുള്ള മഹാബലിയുടെ മമത പരിഗണിച്ച്, എല്ലാ വർഷവും തിരുവോണം നാളിൽ കേരളം സന്ദർശിക്കാനുള്ള അനുവാദം മഹാവിഷ്ണു മഹാബലിക്ക് നൽകി എന്നതാണ് ഐതീഹ്യം. വാമനൻ ജനിച്ച ദിവസമായതിനാൽ വാമന ജയന്തിയായും തിരുവോണം ആഘോഷിക്കപ്പെടുന്നു.
തിരുവോണ നാളിൽ പ്രജാക്ഷേമതത്പരനായ മഹാബലി ചക്രവർത്തി കേരളത്തിലെ എല്ലാ വീടുകളും സന്ദർശിക്കുന്നു എന്നാണ് വിശ്വാസം. അതിനാൽ, പോയ കാലത്തിന്റെ ദീപ്തസ്മരണയിൽ മലയാളി ഈ ദിവസം എല്ലാ വ്യസനങ്ങൾക്കും അവധി നൽകി തുല്യതയുടെ സന്ദേശവുമായി ഓണം ആഘോഷിക്കുന്നു. ബുദ്ധമത ആഘോഷമായിരുന്നു ഓണം എന്നും ചില ചരിത്രകാരന്മാർ അഭിപ്രായപ്പെടുന്നുണ്ട്.
നൂറ്റാണ്ടുകളായി മലയാളികളുടെ ജീവിതത്തിന്റെ ഭാഗമാണ് ഓണാഘോഷം. സംഘകാല കൃതികളിൽ ഓണാഘോഷങ്ങളെ പറ്റി പ്രതിപാദിക്കുന്നുണ്ട്. കർക്കിടക മാസത്തിലെ ദുരിതപ്പെയ്ത്തിന് ശേഷം വരുന്ന തെളിഞ്ഞ ആകാശത്തിന്റെയും നിലാവെളിച്ചത്തിന്റെയും ശുഭോദയമാണ് ഓണം. എന്നാൽ ഈ വർഷം കൊടും ചൂടിനിടയിലാണ് മലയാളിയുടേ ഓണാഘോഷം എന്നതും പ്രത്യേകതയാണ്. മിക്കയിടങ്ങളിലും കുടിവെള്ള ക്ഷാമവും രൂക്ഷമാണ്. എങ്കിലും എല്ലാ ദുഃഖങ്ങൾക്കും അപ്പുറം, നന്മയുടെയും സമൃദ്ധിയുടെയും നല്ല നാളുകൾ സ്വപ്നം കണ്ട് പൂവിളിയും പൂക്കളവും ഊഞ്ഞാലാട്ടവുമായി മലയാളി ഉത്സവത്തിമിർപ്പിൽ ഓണം കൊണ്ടാടുകയാണ്.
Discussion about this post