തിരുവനന്തപുരം: സംസ്ഥാനത്തെ കൊടും ചൂടിന് ആശ്വാസമായി ഇന്ന് മഴ പെയ്തേക്കുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിക്കുന്നു. തിരുവോണ ദിവസമായ ഇന്ന് ഒറ്റപ്പെട്ടയിടങ്ങളിൽ മഴയ്ക്ക് സാദ്ധ്യതയെന്നാണ് കാലാവസ്ഥാ വിഭാഗത്തിന്റെ അറിയിപ്പ്.
തെക്കൻ കേരളത്തിലാണ് ഇന്ന് മഴയ്ക്ക് കൂടുതൽ സാദ്ധ്യത. അറബിക്കടലിലെ മേഘങ്ങളുടെ സാന്നിധ്യവും കേരളത്തിന് മുകളിലെ ഈർപ്പന്തരീക്ഷവുമാണ് മഴയ്ക്ക് അനുകൂല ഘടകങ്ങളായി നിലകൊള്ളുന്നത്.
അതിനിടെ കഴിഞ്ഞ ദിവസം തിരുവനന്തപുരത്ത് മിക്കയിടങ്ങളിലും മഴ പെയ്തിരുന്നു. കഴിഞ്ഞ ദിവസങ്ങളിലെല്ലാം കേരളത്തിൽ ചൂട് കൂടുമെന്ന മുന്നറിയിപ്പാണ് ഉണ്ടായിരുന്നത്. ആറ് ജില്ലകളിലാണ് ഇന്നലെ താപനില കൂടുമെന്ന മുന്നറിയിപ്പുണ്ടായിരുന്നത്. സംസ്ഥാനത്ത് ചൂട് വർദ്ധിച്ചു വരുന്ന സാഹചര്യത്തിൽ പൊതുജനങ്ങൾക്കായി സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി ജാഗ്രതാ നിർദേശങ്ങൾ പുറപ്പെടുവിച്ചിരുന്നു.












