ന്യൂയോര്‍ക്ക് : അമേരിക്കയില്‍ പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ത്ഥി ഡൊണാള്‍ഡ് ട്രംപിന്റെ പ്രസ്താവനയ്ക്കെതിരെ മുസ്ലീങ്ങള്‍ക്ക് പിന്തുണയുമായി ഗൂഗിള്‍ സി.ഇ.ഒ സുന്ദര്‍ പിച്ചെ. ആളുകള്‍ ഏത് രാജ്യത്തിലോ, മതത്തിലോ പെട്ടതാണെന്ന് നോക്കാതെ അവരുടെ വാക്കുകള്‍ക്കും അഭിപ്രായങ്ങള്‍ക്കും സംഭാവനകള്‍ക്കും അനുയോജ്യമായ ഇവിടെ, ഇപ്പോഴുണ്ടായിരിക്കുന്ന അസഹിഷ്ണുത വേദനാജനകമാണന്നും ട്രംപിന്റെ പേരെടുത്തു പറയാതെ പിച്ചെ പ്രതികരിച്ചു.
നമ്മുടെ മൂല്യങ്ങളെ തോല്പിക്കാന് ഭയത്തെ അനുവദിക്കരുത് എന്ന് പിച്ചെ ബ്ലോഗിലെഴുതി. തുറന്ന മനസ്സും സഹിഷ്ണുതയും പുതിയ അമേരിക്കക്കാരെ സ്വീകരിക്കാനുള്ള മനസുമാണ് നമ്മുടെ രാജ്യത്തിന്റെ ശക്തിയും പ്രത്യേകതയും. അതുകൊണ്ട് തന്നെ കുടിയേറ്റക്കാരുടെ രാജ്യമാണ് അമേരിക്ക എന്നതില്‍ ഒരു യാദൃശ്ചികതയുമില്ലയെന്നും പിച്ചെ എഴുതി.
ഇരുപത്തിരണ്ട് വര്‍ഷങ്ങള്‍ക്ക് മുമ്പ് മദ്രാസില്‍ നിന്നു അമേരിക്കയിലേക്ക് കുടിയേറിയതാണ് പിച്ചെ. ഇവിടെയുള്ള ഒരു സര്‍വകലാശാലയില്‍ പ്രവേശനം ലഭിച്ചതിലും ഇവിടെ തന്നെ കുടുംബവും ഔദ്യോഗിക ജിവിതവും ഉണ്ടാക്കാന്‍ കഴിഞ്ഞതിലും താന്‍ ഭാഗ്യവാനാണ്. ഇന്ത്യയില്‍ ജീവിക്കുന്ന പോലെയാണ് ഇവിടെയെന്ന് തോന്നിയതിനാല്‍ താന്‍ ഈ രാജ്യത്തിന്റെ ഭാഗമാണെന്നാണ് കരുതുന്നതെന്നും അദ്ദേഹം തന്റെ ബ്ലോഗില്‍ എഴുതി.
Discussion about this post