മരണാനന്തര ജീവിതം എന്നൊന്ന് ഉണ്ടോ എന്നുള്ളത് കാലാകാലങ്ങളായി പലരും അന്വേഷിക്കുന്ന കാര്യമാണ്. ഇപ്പോൾ മരണാനന്തര ജീവിതം യാഥാർത്ഥ്യമാണ് എന്ന വെളിപ്പെടുത്തലുമായി രംഗത്തെത്തിയിരിക്കുകയാണ് കെന്റക്കിയിലെ റേഡിയേഷൻ ഓങ്കോളജിസ്റ്റായ ജെഫ്രി ലോംഗ് എന്ന ഗവേഷകൻ. മരണത്തിന്റെ പടിവാതിലിൽ എത്തി തിരിച്ചുവന്ന രോഗികളുടെ അനുഭവങ്ങളെ കുറിച്ച് പഠിക്കുന്ന നിയർ-ഡെത്ത് എക്സ്പീരിയൻസ് റിസർച്ച് ഫൗണ്ടേഷന്റെ സ്ഥാപകൻ കൂടിയാണ് ഡോ. ജെഫ്രി ലോംഗ്.
മുപ്പത്തിയേഴ് വർഷം മുമ്പ് റേഡിയേഷൻ ഉപയോഗിച്ച് ക്യാൻസറിനെ ചികിത്സിക്കുന്നതിൽ മാത്രം ശ്രദ്ധ കേന്ദ്രീകരിച്ചിരുന്ന ഒരു ഓങ്കോളജിസ്റ്റായിരുന്നു ജെഫ്രി ലോംഗ്. ഒരു ദിവസം അപ്രതീക്ഷിതമായി അമേരിക്കൻ മെഡിക്കൽ അസോസിയേഷന്റെ ജേർണലിൽ മരണത്തോടടുത്ത അനുഭവങ്ങൾ വിവരിക്കുന്ന ഒരു ലേഖനം അദ്ദേഹം കാണാനിടയായി. അതായിരുന്നു അദ്ദേഹത്തിന്റെ ജീവിതത്തെ വഴി തിരിച്ചുവിട്ടത്. ഹൃദയമിടിപ്പ് നിലച്ച് അല്പസമയത്തിനുശേഷം ജീവിതത്തിലേക്ക് തിരികെ വന്നവർ, കോമ സ്റ്റേജിൽ നിന്നും പിന്നീട് പുറത്ത് കടന്നവർ എന്നിങ്ങനെ പലപ്പോഴായി മരണത്തോട് അടുത്തെത്തിയ ശേഷം തിരികെ വന്നവരുടെ അനുഭവങ്ങൾ വിശദമായി പഠിച്ച ശേഷമാണ് മരണാനന്തര ജീവിതം ഒരു യാഥാർത്ഥ്യമാണെന്ന് ജെഫ്രി ലോംഗ് പറയുന്നത്.
ഇതുവരെയായി 5,000-ത്തിലധികം മരണാനുഭവങ്ങളെ കുറിച്ച് പഠനങ്ങൾ നടത്തിയതായി ജെഫ്രി ലോംഗ് വ്യക്തമാക്കുന്നു. ഇത്തരം അനുഭവങ്ങളെ കുറിച്ച് കൂടുതൽ വിശദമായി പഠിക്കാനായാണ് അദ്ദേഹം നിയർ-ഡെത്ത് എക്സ്പീരിയൻസ് റിസർച്ച് ഫൗണ്ടേഷൻ ആരംഭിച്ചത്. പഠനത്തിൽ നിന്നും ലഭിച്ച തെളിവുകളുടെ അടിസ്ഥാനത്തിൽ തീർച്ചയായും ഒരു മരണാനന്തര ജീവിതമുണ്ടെന്നാണ് അദ്ദേഹം വിശ്വസിക്കുന്നത്.
മരണത്തോട് അടുത്ത അനുഭവമുണ്ടായ 45% ആളുകളും ശരീരത്തിൽ നിന്നും വെളിയിൽ കടന്ന് അവർ അനുഭവിച്ച അനുഭവങ്ങൾ പങ്കുവെച്ചതായി ജെഫ്രി ലോംഗ് പറയുന്നു. ഈ അനുഭവം ഉണ്ടാകുമ്പോൾ അവരുടെ ബോധം അവരുടെ ഭൗതിക ശരീരത്തിൽ നിന്ന് പുറത്തു കടക്കുന്നതായും സാധാരണയായി ശരീരത്തിന് മുകളിൽ ചുറ്റിത്തിരിയുന്നതായും നിരവധിപേർ വെളിപ്പെടുത്തി. മരണത്തോട് അടുത്ത് നിൽക്കുന്ന ഒരു വ്യക്തിക്ക് ചുറ്റും എന്താണ് സംഭവിക്കുന്നതെന്ന് കാണാനും കേൾക്കാനും കഴിയുമെന്നാണ് അനുഭവങ്ങൾ വെളിപ്പെടുത്തുന്നത്. ഈ അനുഭവങ്ങൾ നേരിട്ട വ്യക്തികൾ ജീവിതത്തിലേക്ക് തിരികെ വരാനായി ഭ്രാന്തമായ ശ്രമങ്ങൾ നടത്തിയതായും അറിയിച്ചു. ഇത്തരം അനുഭവങ്ങളിൽ നിന്നും മരണത്തോട് അടുത്തു നിൽക്കുന്നവർക്ക് ശരീരത്തിന് പുറത്ത് നടക്കുന്ന കാര്യങ്ങൾ തിരിച്ചറിയാനുള്ള കഴിവ് ലഭിക്കുമെന്നാണ് ജെഫ്രി ലോംഗ് വെളിപ്പെടുത്തുന്നത്.
Discussion about this post