തിരുവനന്തപുരം : സപ്ലൈകോ സംഭരിച്ച നെല്ലിന്റെ പണം കൊടുത്ത് തീർക്കാത്തതുമായി ബന്ധപ്പെട്ട് നടൻ ജയസൂര്യ നടത്തിയ വിമർശനത്തിൽ പ്രതികരിച്ച് കൃഷിമന്ത്രി പി പ്രസാദ്.
ജയസൂര്യ നല്ല അഭിനേതാവാണെന്നും, എന്നാൽ ജനങ്ങളുടെ മുന്നിലല്ല അഭിനയം കാഴ്ചവെയ്‌ക്കേണ്ടത് എന്നും മന്ത്രി പറഞ്ഞു. ജയസൂര്യയുടേത് നേരത്തെ തീരുമാനിച്ച് പറഞ്ഞുറപ്പിച്ച് പ്രതികരണമായിരുന്നുവെന്നും കൃഷി മന്ത്രി കുറ്റപ്പെടുത്തി.
നടനും സുഹൃത്തുമായ കൃഷ്ണ പ്രസാദ് ഉൾപ്പെടെ പാടശേഖരത്തിലെ മുഴുവൻ ആളുകളും മാസങ്ങൾക്ക് മുൻപ് തന്നെ നെല്ലിന്റെ വില വാങ്ങിച്ചതാണെന്നും അവർക്ക് നെല്ലിന്റെ പൈസ കിട്ടിയില്ലെന്നാണ് പറയുന്നത് എന്നും പി പ്രസാദ് പറഞ്ഞു. ജയസൂര്യ നല്ല അഭിനേതാവാണ്, അദ്ദേഹത്തിലെ നടനെ ആദരവോടെയാണ് കാണുന്നത്. എന്നാൽ ജനങ്ങളുടെ മുന്നിലല്ല അഭിനയിക്കേണ്ടത് എന്ന് കൃഷി മന്ത്രി പറഞ്ഞു. അത് കേവലമായ ഒരു നാട്യം മാത്രമായിപ്പോയി എന്നും മന്ത്രി കൂട്ടിച്ചേർത്തു.
വളരെ പ്ലാൻഡ് ആയ ഒന്നാണ് കളമശ്ശേരിയിൽ നടന്നത്. നല്ല തിരക്കഥയുണ്ട്, എന്നാലത് യാഥാർത്ഥ്യങ്ങളുടെ മുന്നിൽ പൊളിഞ്ഞുപോകുന്ന ഒന്നായിപ്പോയി. അത്തരമൊരു തിരക്കഥയ്ക്ക് മുന്നിൽ ജയസൂര്യയെപ്പോലുള്ളവർ ആടരുത് എന്നാണ് അപേക്ഷ.
എല്ലാവരും കൃഷിയിൽ നിന്ന് മാറിപ്പോകുന്നുവെന്ന് അദ്ദേഹത്തെ ആരോ പറഞ്ഞ് പറ്റിച്ചിരിക്കുകയാണ്. ചില അജണ്ടകൾ ഭാഗികമായി തയ്യാറാക്കിയ തിരക്കഥയാണെന്നും അത് റിലീസായ അന്ന് തന്നെ പൊട്ടിപ്പോകുന്നു എന്നത് ദയനീയമായ കാര്യമാണെന്നും പി പ്രസാദ് പറഞ്ഞു.
Discussion about this post