ബംഗളൂരു: മാനവരാശിക്ക് മറ്റൊരു കുതിച്ച് ചാട്ടത്തിന് വഴിയൊരുക്കി ചാന്ദ്രയാൻ 3 ന്റെ പര്യവേഷണ ഫലങ്ങൾ. ചന്ദ്രനിൽ ഭൂചലനം ഉള്ളതായാണ് ചാന്ദ്രയാൻ 3 ഇപ്പോൾ കണ്ടെത്തിയിരിക്കുന്നത്. സ്വാഭാവിക ഭൂചലനം ആണ് രേഖപ്പെടുത്തിയിരിക്കുന്നത്.വിക്രം ലാൻഡറാണ് ഈ വിവരം കൈമാറിയിക്കുന്നത്. ഇതിന്റെ യഥാർത്ഥ കാരണം കണ്ടെത്താനുള്ള ശ്രമത്തിലാണ് ഇപ്പോൾ ഐഎസ്ആർഒ.
ലൂണാർ സെയ്സ്മിക് ആക്ടിവിറ്റി (ILSA) എന്ന പേലോഡാണ് ഈ ഭൂകമ്പം തിരിച്ചറിഞ്ഞത്.മൈക്രോ ഇലക്ട്രോ മെക്കാനിക്കൽ സിസ്റ്റംസ് (MEMS) സാങ്കേതികവിദ്യയെ അടിസ്ഥാനമാക്കിയാണ് ഇത് നിർമിച്ചിരിക്കുന്നത്. ചന്ദ്രനിൽ റോവറിന്റെയും മറ്റ് പേലോഡുകളുടെയും ചലനങ്ങളും ഇത് രേഖപ്പെടുത്തിയിട്ടുണ്ട്.
കഴിഞ്ഞ ദിവസങ്ങളിൽ ചന്ദ്രനിലെ സൾഫറിന്റെ സാന്നിധ്യവും താപനിലയുടെ അളവും ചാന്ദ്രയാൻ പരിശോധിച്ചിരുന്നു. റോവറിലെ ആൽഫ പാർട്ടിക്കിൾ എക്‌സ് റേ സ്‌പെക്ട്രോമീറ്ററാണ് സൾഫർ സാന്നിധ്യം വീണ്ടും ഉറപ്പിച്ചത്.ചന്ദ്രനിലെ സൾഫറിന്റെ ഉത്ഭവം എങ്ങനെയെന്ന ചോദ്യത്തിനാണ് ഇനി ഉത്തരം കിട്ടേണ്ടത്. സൾഫറിന് പുറമെ അലുമിനിയം, കാൽസ്യം, ക്രോമിയം എന്നീ മൂലകങ്ങളുടെ സാന്നിധ്യവും ചന്ദ്രോപരിതലത്തിലുണ്ടെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്. ആദ്യമായിട്ടാണ് മണ്ണിൽ നേരിട്ട് പരീക്ഷണം നടത്തി സ്ഥിരീകരിക്കുന്നത്.
ചന്ദ്രനിലെ മണ്ണിൻറെ താപസ്വഭാവം പഠിക്കുന്ന ചാസ്‌തേയിൽ നിന്നുള്ള വിവരങ്ങളും ഇസ്രൊ പുറത്തുവിട്ടിരുന്നു.ചന്ദ്രന്റെ മണ്ണിന് മികച്ച താപപ്രതിരോധ ശേഷിയുണ്ടെന്ന് വ്യക്തമാക്കുന്നതാണ് പുതിയ വിവരങ്ങൾ.ഉപരിതലത്തിൽ നിന്ന് താഴേക്ക് പോകുംതോറും താപനില കുറയുന്നതായാണ് കണ്ടെത്തൽ.ഉപരിതലത്തിൽ ഏറ്റവും മുകളിലുള്ള മണ്ണിലെ താപനില 50 ഡിഗ്രി സെൽഷ്യസാണെന്നും 8 സെന്റിമീറ്റർ ആഴത്തിലേക്ക് പോകുമ്പോൾ ഇത് മൈനസ് 10 ഡിഗ്രി സെൽഷ്യസ് വരെ എത്തുന്നെന്നുമുള്ള നിർണായക വിവരമാണ് ലഭിച്ചത്.
Discussion about this post