ബംഗളൂരു: കർണാടകയിൽ നിന്നും അപ്രത്യക്ഷമായി ജെഡിഎസ്. സംസ്ഥാനത്തെ ഏക ജെഡിഎസ് എംപി പ്രജ്യൽ രേവണ്ണയെ ഹൈക്കോടതി അയോഗ്യനാക്കി. ലോക്‌സഭാ തിരഞ്ഞെടുപ്പിൽ മത്സരിച്ചപ്പോൾ സമർപ്പിച്ച സത്യവാങ്മൂലത്തിൽ സ്വത്ത് വകകൾ സംബന്ധിച്ച് വ്യാജവിവരങ്ങൾ രേഖപ്പെടുത്തിയെന്ന് തെളിഞ്ഞതിനെ തുടർന്നാണ് പ്രജ്വലിനെ ഹൈക്കോടതി അയോഗ്യനാക്കിയത്. 27 കോടിയോളം രൂപയുടെ സ്വത്ത് വകകൾ മറച്ചുവച്ചെന്നായിരുന്നു പരാതി. കർണാടക ഹൈക്കോടതിയിലെ ജസ്റ്റിസ് കെ നടരാജന്റെ സിംഗിൾ ബഞ്ചിന്റേതാണ് വിധി.അടുത്ത ആറ് വർഷത്തേക്ക് തിരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിനും വിലക്കുണ്ട്.
ഹാസൻ ലോക്സഭാ മണ്ഡലത്തിലെ എംപിയായ പ്രജ്വൽ, ജെഡിഎസ് അദ്ധ്യക്ഷനും മുൻ പ്രധാനമന്ത്രിയുമായ ദേവഗൗഡയുടെ ചെറുമകനുമാണ്. പ്രജ്വലിന്റെ എതിർ സ്ഥാനാർത്ഥിയും ബിജെപി നേതാവുമായിരുന്ന എ മഞ്ജു നൽകിയ ഹർജിയിലാണ് കോടതി വിധി. പ്രജ്വലിനെ അയോഗ്യനാക്കി തന്നെ വിജയിയായി പ്രഖ്യാപിക്കണമെന്ന മഞ്ജുവിന്റെ ആവശ്യവും ഹൈക്കോടതി തള്ളി.
Discussion about this post