ഇസ്ലാമാബാദ്: അവശ്യ സാധനങ്ങളുടെ വിലക്കയറ്റവും വൈദ്യുതി നിരക്ക് വർദ്ധനയും പൊറുതിമുട്ടിക്കുന്ന പാകിസ്താനിൽ ഇന്ധന വിലക്കയറ്റവും രൂക്ഷമാകുന്നു. ഓഗസ്റ്റ് 31ന് ഒറ്റയടിക്ക് ലിറ്ററിന് 14 പാകിസ്താൻ രൂപയാണ് പെട്രോളിന് വർദ്ധിച്ചത്. ഇതോടെ പാകിസ്താനിലെ പെട്രോൾ വില 300 രൂപ കടന്നു. 305 രൂപ 36 പൈസയാണ് നിലവിൽ പാകിസ്താനിൽ ഒരു ലിറ്റർ പെട്രോളിന്റെ വില.
പെട്രോളിന് പിന്നാലെ ഹൈ സ്പീഡ് ഡീസലിനും പാകിസ്താനിൽ വില ഉയർന്നിട്ടുണ്ട്. പെട്രോളിന് മേലുള്ള ലെവിയും പാകിസ്താൻ വർദ്ധിപ്പിച്ചു. നിലവിൽ 311.84 പൈസയാണ് പാകിസ്താനിൽ ഹൈ സ്പീഡ് ഡീസലിന്റെ വില. പതിനഞ്ച് ദിവസത്തിനിടെ 31.41 രൂപയാണ് പാകിസ്താനിൽ പെട്രോളിന് വർദ്ധിച്ചിരിക്കുന്നത്.
വിലക്കയറ്റം പൊറുതി മുട്ടിക്കുന്ന പാകിസ്താനിൽ ഇതോടെ പച്ചക്കറികൾ ഉൾപ്പെടെയുള്ള ഭക്ഷ്യവസ്തുക്കളുടെ വില ഇനിയും ഉയരും. താത്കാലിക സർക്കാർ വിലക്കയറ്റം നിയന്ത്രിക്കാൻ നടപടികൾ സ്വീകരിക്കുമെന്ന പാക് ജനതയുടെ പ്രതീക്ഷയും ഇതോടെ അസ്ഥാനത്തായിരിക്കുകയാണ്.
അതേസമയം സാമ്പത്തിക പ്രതിസന്ധി രൂക്ഷമായ പാകിസ്താൻ കഴിഞ്ഞ ജൂലൈ മാസത്തിലും വൻ തുക കടമെടുത്തിരുന്നു. 3 ബില്ല്യൺ ഡോളറാണ് ജൂലൈയിൽ മാത്രം പാകിസ്താൻ അന്താരാഷ്ട്ര നാണയ നിധിയിൽ നിന്നും കടമെടുത്തത്. ഇതിന്റെ തിരിച്ചടവിനുള്ള പണം വില വർദ്ധനവിലൂടെ ജനങ്ങളിൽ നിന്നും ഈടാക്കാനുള്ള പാക് സർക്കാരിന്റെ നീക്കത്തിനെതിരെ ജനങ്ങൾ പ്രതിഷേധം ശക്തമാക്കുകയാണ്.
Discussion about this post