ന്യൂഡൽഹി : വിപണിയിൽ നിന്നും പിൻവലിച്ചതിനെ തുടർന്ന് 93 ശതമാനം 2,000 രൂപ നോട്ടുകളും തിരിച്ചെത്തിയെന്ന് റിസർവ് ബാങ്ക് ഓഫ് ഇന്ത്യ. 2023 ഓഗസ്റ്റ് 31 വരെയുള്ള കണക്കനുസരിച്ച് തിരിച്ചെത്തിയ 2,000 രൂപ നോട്ടുകളുടെ ആകെ മൂല്യം 3.32 ലക്ഷം കോടി രൂപയാണെന്നും ആർബിഐ അറിയിച്ചു. 2023 മെയ് വരെയായിരുന്നു 2,000 രൂപ നോട്ടുകൾ പ്രചാരത്തിലുണ്ടായിരുന്നത്.
2023 സെപ്റ്റംബർ 30 വരെയാണ് 2,000 രൂപ നോട്ടുകൾ ബാങ്കുകളിൽ നിന്നും മാറുവാനായോ നിക്ഷേപിക്കുവാനായോ കഴിയുക. ഈ ശേഷിക്കുന്ന കാലയളവ് പൊതുജനങ്ങൾ 2,000 രൂപ നോട്ടുകൾ കൈവശമുണ്ടെങ്കിൽ പെട്ടെന്ന് തന്നെ മാറ്റുവാനായി വിനിയോഗിക്കണമെന്നും ആർബിഐ അറിയിച്ചു.
തിരിച്ചെത്തിയ 2,000 രൂപ നോട്ടുകളിൽ ഏകദേശം 87 ശതമാനവും നിക്ഷേപ രൂപത്തിലാണെന്നും ബാക്കിയുള്ള 13 ശതമാനം മറ്റ് നോട്ടുകളാക്കി മാറ്റിയെന്നും പ്രധാന ബാങ്കുകളിൽ നിന്ന് ശേഖരിച്ച വിവരങ്ങൾ സൂചിപ്പിക്കുന്നു. 2,000 രൂപ നോട്ട് വിപണിയിൽ നിന്നും പിൻവലിച്ചത് ബാങ്ക് നിക്ഷേപങ്ങളും വായ്പകളുടെ തിരിച്ചടവുകളും വർദ്ധിപ്പിച്ചെന്നാണ് ബാങ്കുകളിൽ നിന്നുള്ള കണക്കുകൾ സൂചിപ്പിക്കുന്നത്. റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടെ റീട്ടെയിൽ സെൻട്രൽ ബാങ്ക് ഡിജിറ്റൽ കറൻസിയിലും 2,000 രൂപ നോട്ട് പിൻവലിക്കൽ സ്വാധീനം ചെലുത്തിയിട്ടുണ്ട്.
Discussion about this post