തിരുവനന്തപുരം; കേന്ദ്രസർക്കാരിന്റെ കേരളത്തിനുള്ള ഓണസമ്മാനം ഉടൻ സംസ്ഥാനത്ത് എത്തും. ദക്ഷിണ റെയിൽവേയ്ക്ക് അനുവദിച്ച രണ്ടാം വന്ദേഭാരത് ട്രെയിൻ പുറപ്പെട്ടു. വെള്ളിയാഴ്ച രാത്രി 8.42നു ചെന്നൈ ഇന്റഗ്രൽ കോച്ച് ഫാക്ടറിയിൽ (ഐസിഎഫ്)നിന്നു പാലക്കാട് ഡിവിഷനിൽനിന്നെത്തിയ എൻജിനീയർമാർക്കാണ് കൈമാറിയത്. ഇതോടെ ട്രെയിൻ കേരളത്തിനു തന്നെയാണെന്ന് ഉറപ്പായി. ശനിയാഴ്ച ട്രെയിൻ മംഗളൂരുവിലെത്തും.
മംഗളൂരു തിരുവനന്തപുരം, മംഗളൂരു എറണാകുളം, മംഗളൂരു കോയമ്പത്തൂർ, മഡ്ഗാവ്(ഗോവ) എറണാകുളം എന്നീ റൂട്ടുകളാണ് പരിഗണനയിലുള്ളത്. ദക്ഷിണ റെയിൽവേയിലെ റൂട്ടുകൾ തീരുമാനിക്കുന്ന സമിതിയാണ് അന്തിമ തീരുമാനമെടുക്കുക. മധുര ഡിവിഷനിൽ തിരുനെൽവേലി-ചെന്നൈ എഗ്മൂർ റൂട്ടും പരിഗണനയിലുണ്ട്.
പുതിയനിറത്തിലേക്കും സൗകര്യങ്ങളിലേക്കും മാറിയതിന് ശേഷമുള്ള ആദ്യ റേക്ക് തന്നെ ഓണസമ്മാനമായി കേരളത്തിന് ലഭിക്കുന്നു എന്നതാണ് ശ്രദ്ധേയം. കേരളത്തിന് ഒരു വന്ദേഭാരത് കൂടി ലഭിക്കുമെന്ന് കഴിഞ്ഞ മാസം റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ് സൂചന നൽകിയിരുന്നു.
ഏപ്രിൽ 25 നാണ് ആദ്യ വന്ദേഭാരത് എക്സ്പ്രസ് പ്രധാനമന്ത്രി നരേന്ദ്രമോദി കേരളത്തിൽ ഉദ്ഘാടനം ചെയ്തത്. നിലവിൽ കാസർകോട്- തിരുവനന്തപുരം റൂട്ടിൽ ഈ വന്ദേഭാരത് സർവീസ് നടത്തിവരികയാണ്.
യാത്രക്കാരുടെ എണ്ണം കൊണ്ട് രാജ്യത്തെ മറ്റു റൂട്ടുകളേക്കാൾ മുന്നിലാണ് ഇത്. 100 സീറ്റിന് 183 യാത്രക്കാർ എന്ന തോതിലാണ് കാസർകോട് തിരുവനന്തപുരം റൂട്ടിൽ വന്ദേഭാരത് സർവീസ് നടത്തുന്നത്.
Discussion about this post