തൃശൂര്‍: നഗരമധ്യത്തിലെ ആകാശപാതയുടെ ഉദ്ഘാടനത്തിന് കേന്ദ്രമന്ത്രി വി. മുരളീധരനെ ക്ഷണിക്കാത്തതില്‍ വിമര്‍ശിച്ച് നടനും ബിജെപി നേതാവുമായ സുരേഷ് ഗോപി. ജനങ്ങള്‍ക്ക് നല്‍കുന്ന കിറ്റില്‍ വരെ പടം വച്ച് അടിച്ചു കൊടുക്കുമ്പോള്‍, കേന്ദ്രഫണ്ട് ഉപയോഗിച്ചാണ് ഇത് നിര്‍മിച്ചതെന്ന് അവര്‍ അറിയുന്നതില്‍ എന്താണ് കുഴപ്പമെന്ന് അദ്ദേഹം ചോദിച്ചു. ഏതു രാഷ്ട്രീയത്തിന്റെ പേരിലായാലും ഇത്തരം അവഗണനകള്‍ ഏറ്റവും മ്ലേച്ഛകരമായ ചിന്താഗതിയാണ്. സിനിമയില്‍ പറഞ്ഞതുപോലെ, സ്മരണ വേണമെന്നും സുരേഷ് ഗോപി കൂട്ടിച്ചേര്‍ത്തു.
“കേന്ദ്രമന്ത്രി വി.മുരളീധരനെക്കൂടി ഈ ചടങ്ങില്‍ പങ്കെടുപ്പിക്കണമായിരുന്നു. അത് അപേക്ഷയല്ല, ആവശ്യം തന്നെയാണ്. അത് ഇനിയും തിരുത്താവുന്നതാണ്. ഏതു രാഷ്ട്രീയത്തിന്റെ പേരിലായാലും അവരെ അവഗണിക്കുന്നത് ഏറ്റവും മ്ലേച്ഛകരമായ ചിന്താഗതിയാണ്. ഇതെല്ലാം ജനങ്ങള്‍ അറിയട്ടെ. സത്യമല്ലേ അവര്‍ അറിയുന്നത്. അതില്‍ എന്താണ് പ്രശ്‌നം. രണ്ടു തവണയായി 270 കോടിയും 251 കോടിയും കേന്ദ്ര സര്‍ക്കാര്‍ നല്‍കിയത് ജനങ്ങള്‍ അറിയുന്നില്ലേ. ഇതെല്ലാം ഞങ്ങള്‍ വിളംബരം ചെയ്തു തന്നെ നടക്കണോ? കിറ്റില്‍ വരെ പടം വച്ച് അടിച്ചല്ലേ കൊടുത്തത്? പിന്നെ ഇതെന്താ അറിയിക്കാന്‍ ഇത്ര ബുദ്ധിമുട്ട്? കിറ്റിനകത്തെ പൊരുള്‍ ആരുടേതായിരുന്നുവെന്നും എല്ലാവര്‍ക്കും അറിയാമല്ലോ. ജനങ്ങളിലേക്ക് നിങ്ങള്‍ അസത്യമെത്തിച്ചോളൂ. പക്ഷേ, സത്യം മൂടിവയ്ക്കരുത്. സിനിമയില്‍ പറഞ്ഞതുപോലെ തന്നെ സ്മരണ വേണം, സ്മരണ”, അദ്ദേഹം പറഞ്ഞു.
ഇത്രയും വിസ്തൃതിയുള്ള റോഡ് വളരെ അപകട സാധ്യതയുള്ള ഇടമാണ്. കുട്ടികള്‍ക്കും സ്ത്രീകള്‍ക്കും മുതിര്‍ന്നവര്‍ക്കും ഈ തിരക്കിലൂടെ സഞ്ചരിക്കാന്‍ ബുദ്ധിമുട്ടാണ്. ഇത്തരം സാഹചര്യത്തിലാണ് ഈ പദ്ധതി വിഭാവനം ചെയ്തത്. ജനങ്ങള്‍ക്ക് സൗകര്യപ്രദമായ ഒരു സംവിധാനമാണ് ആകാശപാത. ഇങ്ങനെ ഒരു പ്രോജക്ട് തയ്യാറാക്കി കൊടുത്തതില്‍ കോര്‍പ്പറേഷന്റെ മിടുക്കിനെ അംഗീകരിക്കുന്നു. പ്രോജക്ട് കൃത്യമായി മനസ്സിലാക്കി കേന്ദ്ര സര്‍ക്കാരിന്റെ അമൃതം പദ്ധതിയില്‍പ്പെടുത്തിയാണ് ഇത് നിര്‍മ്മിച്ചിരിക്കുന്നത്. 20l6-ല്‍ 270 കോടിയും 2022-ല്‍ 251 കോടിയും തൃശൂര്‍ കോര്‍പറേഷന് കേന്ദ്ര സര്‍ക്കാര്‍ നല്‍കിയിട്ടുണ്ട്. ഇത്തരം ഫണ്ടുകള്‍ ഇതുപോലുള്ള പദ്ധതികള്‍ക്കായി കൃത്യമായി വിനിയോഗിച്ചാല്‍ അത് തൃശൂരുകാരുടെ ജീവിതത്തിലേക്ക് നല്ലൊരു സംഭാവനയാകും എന്നുള്ളതിന്റെ ആദ്യത്തെ മുദ്രചാര്‍ത്തലാണ് ഇതെന്നും അദ്ദേഹം വ്യക്തമാക്കി.
പ്രധാനമന്ത്രിയുടെ വികസന പദ്ധതിയാണിത്. അതിന്റെ ഭാഗമായാണ് ആകാശപാതയ്ക്കും ഫണ്ട് അനുവദിച്ചത്. അതിനാല്‍ തന്നെ മന്ത്രി വി.മുരളീധരനെ കൂടി ഉദ്ഘാടനത്തിന് ക്ഷണിക്കണമായിരുന്നു. ഇത്തരം സമീപനം തിരുത്തണം. ശക്തന്‍ മാര്‍ക്കറ്റിന് വേണ്ടിയും ഞാന്‍ ചെയ്യാനുള്ളത് ചെയ്തു. അത് എന്റെ വാക്കായിരുന്നു. ഫണ്ടിന്റെ പ്രശ്നം വന്നപ്പോള്‍ ഞാന്‍ എംപി ഫണ്ടില്‍ നിന്നും 1 കോടി കൊടുത്തു. ഇനി അത് മേയറാണ് നടപ്പാക്കേണ്ടതെന്നും സുരേഷ് ഗോപി കൂട്ടിച്ചേര്‍ത്തു.
Discussion about this post