ന്യൂഡൽഹി: സനാതന ധർമത്തെ ഉന്മൂലനം ചെയ്യാൻ ആഹ്വാനം നൽകിയ തമിഴ്നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിന്റെ മകൻ ഉദയനിധി സ്റ്റാലിനെതിരെ രൂക്ഷ വിമർശനവുമായി ബിജെപി. സനാതന ധർമത്തെ ഉന്മൂലനം ചെയ്യണമെന്ന ഉദയനിധിയുടെ വാക്കുകൾ അങ്ങേയറ്റം അപകടകരവും ഗുരുതരവുമാണ്. രാജ്യത്തെ എൺപത് ശതമാനം വരുന്ന ജനങ്ങളെയും വംശഹത്യ ചെയ്യാനുള്ള ആഹ്വാനമാണ് ഉദയനിധി നൽകിയിരിക്കുന്നതെന്ന് ബിജെപി ഐടി സെൽ മേധാവി അമിത് മാളവ്യ പറഞ്ഞു.
തമിഴ്നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിന്റെ മകനായ ഉദയനിധി സ്റ്റാലിൻ ഡി എം കെ സർക്കാരിലെ ഒരു മന്ത്രി കൂടിയാണ്. അയാൾ സനാതന ധർമത്തെ മലേറിയയോടും ഡെങ്കിയോടുമൊക്കെയാണ് ഉപമിക്കുന്നത്. ഭാരതത്തിൽ സനാതന ധർമം പിന്തുടരുന്നത് എൺപത് ശതമാനം ജനങ്ങളാണ്. അവരെ വംശഹത്യ ചെയ്യാനുള്ള ആഹ്വാനമാണ് ഉദയനിധി നൽകിയിരിക്കുന്നതെന്ന് മാളവ്യ പറഞ്ഞു.
ഡിഎംകെ പ്രതിപക്ഷ നിരയിലെ പ്രമുഖ അംഗവും കോൺഗ്രസിന്റെ ദീർഘകാല സഖ്യകക്ഷിയുമാണ്. ഇതാണോ ഇൻഡിയ സഖ്യത്തിന്റെ മുംബൈ യോഗത്തിലെ തീരുമാനമെന്ന് കോൺഗ്രസ് വ്യക്തമാക്കണമെന്നും അമിത് മാളവ്യ ആവശ്യപ്പെട്ടു.
സനാതന ധർമം ഡെങ്കിയും മലേറിയയും ഫ്ലൂവും പോലെയാണെന്നായിരുന്നു ഉദയനിധി സ്റ്റാലിൻ പറഞ്ഞത്. സനാതന ധർമം എതിർക്കപ്പെടണമെന്ന് മാത്രമല്ല, ഉന്മൂലനം ചെയ്യപ്പെടണമെന്നും ഉദയനിധി പറഞ്ഞു. സനാതന നിരോധന കോൺഫറൻസിൽ സംസാരിക്കുകയായിരുന്നു ഉദയനിധി.
Discussion about this post